LiveTV

Live

Kerala

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

പമ്പയില്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി ഇല്ല. ആളെ ഇറക്കിയ ശേഷം വാഹനം നിലയ്ക്കലിലേക്ക് തിരിച്ചു വരണം.

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

ശബരിമല മാസപൂജകള്‍ക്ക് നട തുറന്നാല്‍ സ്വകാര്യ വാഹനങ്ങളെ പമ്പ വരെ കടത്തിവിടാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ആളെ ഇറക്കിയ ശേഷം വാഹനം നിലയ്ക്കലിലേക്ക് തിരിച്ചു വരണം. ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാതെ നോക്കേണ്ടത് ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും ഉത്തരവാദിത്വമാണെന്നും കോടതി വ്യക്തമാക്കി.

മാസപൂജ സമയത്തു നിലക്കല്‍ നിന്ന് പമ്പയിലേക്കു സ്വകാര്യ വാഹങ്ങള്‍ കടത്തി വിടാനാണ് ഹൈക്കോടതിയുടെ അനുമതി. പ്രൈവറ്റ് സ്റ്റേജ് കാരിയേഴ്‌സ് ഒഴികെ മറ്റു വാഹനങ്ങള്‍ കടത്തി വിടണം. കോടതി നിയമിച്ച അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിക്കവേ ആണ് നിര്‍ദ്ദേശം. വാഹനങ്ങള്‍ തടയാന്‍ സര്‍ക്കാരിന് ആവില്ല. നിയന്ത്രിക്കാന്‍ മാത്രം ആണ് സര്‍ക്കാരിന് അധികാരം.

ബെയ്‌സ് ക്യാമ്പ് ഇപ്പോള്‍ നിലക്കല്‍ ആണ്. അവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. പമ്പയില്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി ഇല്ലെന്നും കോടതി വ്യക്തമാക്കി. 42 ബസുകള്‍ കെ.എസ്.ആര്‍.ടി.സി ഏര്‍പ്പാടാക്കിയിട്ടുണ്ട്. ആവശ്യം എങ്കില്‍ കൂടുതല്‍ ബസുകള്‍ ഓടിക്കുമെന്നും കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചു. മാസപൂജാ സമയങ്ങളില്‍ നിലക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടുന്നതിനോടു വിയോജിപ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ശബരിമല മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം നടപടിയെടുക്കുന്നതിന് തടസമില്ലെന്ന് ദേവസ്വം ബോര്‍ഡും കോടതിയെ അറിയിച്ചു.