LiveTV

Live

Kerala

യൂണി. കോളജ് സംഘര്‍‌ഷത്തില്‍ പ്രതികള്‍ക്കായി ലുക്കൗട്ട്‌ നോട്ടീസ്; മൂന്ന് പേര്‍ പിടിയില്‍

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ പ്രതികളായ ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരാണ് പിടിയിലായത്.

യൂണി. കോളജ് സംഘര്‍‌ഷത്തില്‍ പ്രതികള്‍ക്കായി ലുക്കൗട്ട്‌ നോട്ടീസ്; മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍. ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരാണ് പിടിയിലായത്. അതിനിടെ മറ്റ് പ്രതികളെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിലെ പ്രധാന പ്രതികളായ ശിവരഞ്ജിത്ത്, നിസാം ഉള്‍പ്പെടെ എട്ട് പേരെ ഉള്‍പ്പെടുത്തിയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

Also read: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാഭ്യാസമല്ല നടക്കുന്നതെന്ന് കെ.മുരളീധരന്‍ എംപി 

Also read: യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ കൂടുതല്‍ ക്രൂരതകള്‍ പുറത്ത്

അതേസമയം, ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് എത്തിയെങ്കിലും ഡോക്ടര്‍മാര്‍ അനുമതി നല്‍കിയില്ല. വീടുകളില്‍ റെയ്ഡ് നടത്താന്‍ കോടതിയുടെ അനുമതിയും അന്വേഷണ സംഘം തേടി. സ്റ്റുഡന്‍റ് സെന്‍ററിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിലും റെയ്ഡ് നടത്താനുള്ള നീക്കം സി.പി.എം ഇടപെട്ട് തടഞ്ഞു.

പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ്
പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ്

യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ കുത്തിവീഴ്ത്തിയ ശേഷം രക്ഷപ്പെട്ട നേതാക്കളില്‍ മൂന്ന് പേര്‍ മാത്രമാണ് പിടിയിലായത്. ഇവര്‍ തിരുവനന്തപുരം വിട്ടിട്ടില്ലെന്നും സി.പി.എം പ്രാദേശിക നേതാക്കള്‍ സംരക്ഷിക്കുകയാണെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്.

എന്നാല്‍ സി.പി.എം- എസ്എഫ്ഐ ശക്തി കേന്ദ്രങ്ങളില്‍ റെയിഡ് നടത്താന്‍ അന്വേഷണ സംഘത്തിനാവുന്നില്ല. യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്‍ററിലും ഹോസ്റ്റലിലും റെയ്ഡിന് ആദ്യം അനുമതി ലഭിച്ചെങ്കിലും ഇന്നലെ വൈകിട്ട് തന്നെ അത് റദ്ദാക്കി. എവിടെയും തിരച്ചില്‍ നടത്താനാകാതെ കുഴങ്ങുകയാണ് അന്വേഷണ സംഘം. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ചികിത്സയില്‍ കഴിയുന്ന അഖിലിന്‍റെ പിതാവ് ആവശ്യപ്പെട്ടു.

സി.പി.എമ്മിന്‍റെ കടുത്ത സമ്മര്‍ദ്ദം നിലനില്‍ക്കെ തന്നെ ഇന്നലെ സിറ്റി ഷാഡോ, പ്രതികളിലൊരാളെ വീട്ടില്‍ കയറി പിടികൂടിയിരുന്നു. യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെയാണ് പിടികൂടിയത്. ഇയാള്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു.