LiveTV

Live

Kerala

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം; ഒന്നും രണ്ടും പ്രതികൾ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടതിനെക്കുറിച്ചും അന്വേഷണം

യൂണിവേഴ്‌സിറ്റി കോളജിൽ അഖിലിനെ കുത്തി പരിക്കേൽപ്പിച്ച ഒന്നും രണ്ടും പ്രതികൾ പൊലീസ് നിയമനത്തിലുള്ള റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത് അന്വേഷിക്കുന്നു.

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം; ഒന്നും രണ്ടും പ്രതികൾ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടതിനെക്കുറിച്ചും അന്വേഷണം

യൂണിവേഴ്‌സിറ്റി കോളജിൽ അഖിലിനെ കുത്തി പരിക്കേൽപ്പിച്ച ഒന്നും രണ്ടും പ്രതികൾ പൊലീസ് നിയമനത്തിലുള്ള റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത് അന്വേഷിക്കുന്നു. ഒന്നാം പ്രതിയായ ശിവരഞ്ജിത്താണ് റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കേരള ആംഡ് പോലീസിലേക്ക് കാസര്‍കോട് ജില്ലയില്‍ അപേക്ഷ നല്‍കിയ ഇവര്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലാണ് പരീക്ഷ എഴുതിയത്. സംഭവത്തിൽ‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

കണ്ണൂർ കെ.എ.പി 4 ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി ജൂലൈ ഒന്നാം തീയതി പുറത്തിറക്കിയ റാങ്ക് പട്ടികയാണ് വിവാദമായത്. ഒന്നാം റാങ്ക് ആര്‍ ശിവരഞ്ജിത്തിന്, അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയാണിത്. 28ാം റാങ്ക് എ.എന്‍ നസീമിനാണ്, കേസിലെ രണ്ടാം പ്രതി. പട്ടികയിലെ രണ്ടാം റാങ്കുകാരനും യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐ യൂണിറ്റംഗമാണ്. ശിവരഞ്ജിത്തിന് 78.33 മാർക്കും രണ്ടാം റാങ്കുകാരന് 78 ഉം നസീമിന് 65.33 മാർക്കുമാണ് ലഭിച്ചത്. സ്പോർട്സ് ക്വാട്ടയിലെ മാർക്ക് കൂടി കിട്ടിയതോടെ 91.9 മാർക്കാണ് ശിവരഞ്ജിത്തിനുള്ളത്.

രാഷ്ട്രീയ സ്വാധീനത്തിലാണ് യൂണിവേഴ്‌സിറ്റി കോളജില്‍ പരീക്ഷയെഴുതാന്‍ അവസരം കിട്ടിയതെന്നും ഇവർ കോപ്പിയടിച്ചാണ് പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയതെന്നുമാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് ഇവരുടെ ഹാള്‍ ടിക്കറ്റ് അടക്കം പരിശോധിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം തീരുമാനിച്ചത്. ഇവരുടെ ക്രിമിനൽ പശ്ചാത്തലമടക്കം ആഭ്യന്തര വകുപ്പിനെ അറിയിക്കാനും ഇന്റലിജൻസ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്.