LiveTV

Live

Kerala

“പുറത്ത് പൊലീസ് എത്തിയത് കൊണ്ട് മാത്രമാണ് അന്ന് ഞാൻ ജീവനോടെ രക്ഷപ്പെട്ടത്”; എസ്.എഫ്.ഐയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ പൂര്‍വ വിദ്യാര്‍ത്ഥിയുടെ അനുഭവങ്ങള്‍

ഇലക്ഷന് നിൽക്കാൻ തീരുമാനിച്ചത് മുതൽ ഭീഷണിയുടെ കൂരമ്പുകളായിരുന്നു.’ഇലക്ഷൻ കഴിഞ്ഞാൽ നിങ്ങളെ ബാക്കി വെച്ചേക്കില്ല,വെട്ടി തുണ്ടമാക്കും’ എന്നൊക്കെയായിരുന്നു ഭീഷണി

“പുറത്ത് പൊലീസ് എത്തിയത് കൊണ്ട് മാത്രമാണ് അന്ന് ഞാൻ ജീവനോടെ രക്ഷപ്പെട്ടത്”;  എസ്.എഫ്.ഐയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ പൂര്‍വ വിദ്യാര്‍ത്ഥിയുടെ അനുഭവങ്ങള്‍

യൂണിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐയുടെ ക്രൂര അക്രമം ഏറ്റുവാങ്ങിയ പൂർവ വിദ്യാർഥി ജസീൽ മമ്പാടിന്‍റെ അനുഭവക്കുറിപ്പ് വൈറലാവുന്നു. മെയ് 21ന് തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പ് യൂണിവേഴ്സിറ്റിയിലെ പുതിയ അക്രമ സംഭവങ്ങളുടെ പശ്ചാതലത്തിലാണ് എസ്.എഫ്.ഐയുടെ ക്രൂരത ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നത്. നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയ കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് വന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പഴയ 3 വർഷങ്ങൾ ഓർമയിലേക്ക് വന്നതെന്ന് ജസീല്‍ പറയുന്നു.

കോളേജിന് പുറത്ത് നിന്ന് നോട്ടീസ് കൊടുത്തതിനാണ് എസ്.എഫ്.ഐ നേതാക്കൾ എന്നെ തല്ലിച്ചതച്ചത്.എന്റെ കൂടെ ഉണ്ടായിരുന്ന മയൂഫ്,സജീർ എന്നിവരെ കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന് മുന്നിൽ വെച്ച് പട്ടിക കൊണ്ടും ഇഷ്ടികക്കഷ്ണങ്ങൾ കൊണ്ടും തല്ലിപ്പരുവമാക്കി.അതിനു ശേഷം നാട്ടുകാർ നോക്കി നിൽക്കെ ഒരു പറ്റം കുട്ടിസഖാക്കൾ എന്നെ കോളേജിനുള്ളിലേക്ക് തൂക്കിയെടുത്ത് കൊണ്ട് പോവുകയും,യൂണിറ്റ് റൂമെന്ന അവരുടെ ഇടിമുറിയിലേക്ക് വലിച്ചിട്ട് 25 ഓളം പേർ ചേർന്ന് തല്ലിച്ചതച്ചു. പുറത്ത് പോലീസ് എത്തിയത് കൊണ്ട് മാത്രമാണ് അന്ന് ഞാൻ ജീവനോടെ രക്ഷപ്പെട്ടതെന്നും ജസീല്‍ പറയുന്നു.

ഫേസ്ബുക്കിന്‍റെ പൂര്‍ണരൂപം;

കോളേജിന്റെ ഒന്നാം ദിനം തന്നെ ക്ലാസിലെത്തിയത് sfi യൂണിറ്റ് കമ്മിറ്റി നേതാക്കളാണ്."നിങ്ങൾ മറ്റ് പല സംഘടനകളുടെയും പ്രവർത്തകരോ,സംഘടന ഇല്ലാത്തവരോ ഒക്കെ ആയിരിക്കാം.അതൊക്കെ നിങ്ങളുടെ വീട്ടിലും നാട്ടിലും ഒക്കെ മതി.ഇവിടെ ഞങ്ങൾ മാത്രം.ഇത് sfi യുടെ കോളേജാണ്.ഈ കോളേജിന്റെ 'സമാധാനാന്തരീക്ഷ'ത്തെ നിങ്ങളായിട്ട് ഇല്ലാതാക്കരുത്.
ഞങ്ങൾ പറയുന്നതിനനുസരിച്ച് പഠിച്ച് പോകാം എന്നുണ്ടെങ്കിൽ നിങ്ങൾക്ക് യാതൊരു പ്രശ്നവും ഉണ്ടാവുകയില്ല.അതല്ലാത്ത മനസ് ആർക്കെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ പറയണം,ഇന്ന് തന്നെ ആ പൂതി തീർത്ത് തരാം."


യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ആദ്യമായി കേൾക്കുന്ന വർത്തമാനമാണ്. നിങ്ങൾ പറയുന്ന പോലെ ഞങ്ങൾ നിന്നോളാമേ എന്ന മട്ടിൽ ആയിട്ടുണ്ടാവും അപ്പോഴേക്ക് +2 പഠനം കഴിഞ്ഞ് ആദ്യമായി കോളേജിൽ എത്തിയ കുട്ടികൾ.ഈ സാരോപദേശങ്ങൾക്ക് ശേഷം ഓരോ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുമുള്ള കൊടി മരത്തിലെ കൊടി ഉയർത്തലാണ് പരിപാടി.ഡിപ്പാർട്ട്മെന്റ് ചാർജ് ഉള്ള sfi നേതാവ് കുട്ടികളെ വിളിച്ചിറക്കി കൊണ്ട് പോവും.അതിനു ശേഷം ഓരോ ഡിപ്പാർട്ട്മെന്റിലേയും കുട്ടികളോട് കോളേജിന്റെ നടുവിലുള്ള കൊടിമരത്തിലേക്ക് ജാഥയായി പോകാൻ ആജ്ഞാപിക്കും (അവിടെ ആജ്ഞ മാത്രമേയുള്ളൂ , നിർദ്ദേശങ്ങൾ പോലും ഇല്ല). കോളേജ് മൊത്തം അവിടെ നിന്ന് തൊണ്ട പൊട്ടുമാറുച്ചത്തിൽ നേതാവ് വിളിച്ചു കൊടുക്കുന്ന ജനാധിപത്യവും സ്വാതന്ത്ര്യവും സോഷ്യലിസവുമൊക്കെ വിളിച്ച് കൂവും.ആദ്യ ദിനം തന്നെ ഒരു കൂട്ടം വിദ്യാർത്ഥികളെ മൊത്തം sfi അടിമകളാക്കുന്ന ഭീകരമായ കാഴ്ചയാണിത്.

യൂണിവേഴിസിറ്റി കോളേജിൽ ഇപ്പോൾ നടന്ന വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് വന്ന വാർത്തകളും ചർച്ചകളും കണ്ടപ്പോഴാണ് പഴയ 3 വർഷങ്ങൾ ഓർമയിലേക്ക് വന്നത്.

കോളേജിന് പുറത്ത് നിന്ന് നോട്ടീസ് കൊടുത്തതിനാണ് sfi നേതാക്കൾ എന്നെ തല്ലിച്ചതച്ചത്.എന്റെ കൂടെ ഉണ്ടായിരുന്ന മയൂഫ്,സജീർ എന്നിവരെ കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന് മുന്നിൽ വെച്ച് പട്ടിക കൊണ്ടും ഇഷ്ടികക്കഷ്ണങ്ങൾ കൊണ്ടും തല്ലിപ്പരുവമാക്കി.അതിനു ശേഷം നാട്ടുകാർ നോക്കി നിൽക്കെ ഒരു പറ്റം കുട്ടിസഖാക്കൾ എന്നെ കോളേജിനുള്ളിലേക്ക് തൂക്കിയെടുത്ത് കൊണ്ട് പോവുകയും,യൂണിറ്റ് റൂമെന്ന അവരുടെ ഇടിമുറിയിലേക്ക് വലിച്ചിട്ട് 25 ഓളം പേർ ചേർന്ന് തല്ലിച്ചതക്കുകയുമായിരുന്നു.


പോലീസ് കാണാതിരിക്കാൻ ഇടിമുറിയിലിട്ടെന്നെ പൂട്ടി..മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ കോളേജിന്റെ പുറകുവശത്തെ മതിലിനു മുകളിലൂടെ എന്നെ പുറത്തേക്കെടുത്തിട്ടു.. പുറത്ത് പോലീസ് എത്തിയത് കൊണ്ട് മാത്രമാണ് അന്ന് ഞാൻ ജീവനോടെ രക്ഷപ്പെട്ടത്.അതിനിടക്ക് ഞാനാണ് sfi ക്കാരെ തല്ലിയത് എന്നും പറഞ്ഞ് അവരിലൊരുത്തൻ മൂക്കിൽ പ്ലാസ്റ്ററൊക്കെ ഒട്ടിച്ച് പോലീസിന്റെ മുന്നിൽ നിൽക്കുന്നത് പിറ്റേന്ന് പത്രത്തിൽ കണ്ടിരുന്നു. 25ലധികം ആളുകളുടെ ഇടയിൽനിന്ന് ഞാൻ അവരിൽ ഒരാളെ മർദ്ദിച്ചു എന്ന രസകരമായ വാർത്ത എത്ര ഉളുപ്പില്ലാതെയാണ് സഖാക്കൾ അന്ന് പാടി നടന്നത്. 2 ആഴ്ചയോളമാണ് എനിക്ക് ഉഴിച്ചിലിന് പോകേണ്ടി വന്നത്. 3 വർഷത്തോളം ആ അടിയുടെ വേദന ശരീരത്തിൽ ഞാൻ അനുഭവിച്ചിരുന്നു.ഭരിച്ചത് udf സർക്കാർ ആയിട്ടും കൊടുത്ത കേസുകളൊക്കെ ഇടത് ചായ്‌വുള്ള പൊലീസുകാർ തേച്ച്മായ്ച്ചു കളഞ്ഞു.

ഇലക്ഷന് നിൽക്കാൻ തീരുമാനിച്ചത് മുതൽ ഭീഷണിയുടെ കൂരമ്പുകളായിരുന്നു.'ഇലക്ഷൻ കഴിഞ്ഞാൽ നിങ്ങളെ ബാക്കി വെച്ചേക്കില്ല,വെട്ടി തുണ്ടമാക്കും' എന്നൊക്കെയായിരുന്നു ഭീഷണി.ഇലക്ഷനിൽ നിൽക്കുന്നത് പരമാവധി തടയുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം.കോളേജിലെ മുഴുവൻ കുട്ടികളെയും നിർബന്ധപൂർവം വിളിച്ചിറക്കി ഞങ്ങൾ 8 പേർക്കെതിരെ ജാഥ നടത്തിയിരുന്നു അന്ന് SFI. ഒറ്റ മനസുള്ള കോളേജിലെ വിദ്യാർത്ഥികളെ പരസ്പരം തെറ്റിക്കാൻ നടക്കുന്നു എന്നൊക്കെയായിരുന്നു മുദ്രാവാക്യങ്ങളിൽ ഉണ്ടായിരുന്നത്.

എന്റെ സുഹൃത്ത് റെസീമിന് വോട്ട് ചെയ്തതിനാണ് മാത്‌സ് ഡിപാർട്മെന്റിലെ ലുഖ്മാൻ എന്ന വിദ്യാർത്ഥിയെ മടലിൽ നനഞ്ഞ തോർത്ത് കെട്ടി ഇടിമുറിയിലിട്ട് sfi ക്കാർ കൊല്ലാക്കൊല ചെയ്തത്. വിവരമറിഞ്ഞ ഞങ്ങൾ അന്നത്തെ പ്രിൻസിപ്പളായിരുന്ന മോളി മേഴ്സലിനോട് സംഗതി പറയുകയും പ്രിൻസിപ്പൽ ഇടിമുറിയിൽ എത്തുമ്പോഴേക്ക് അവനെ അവിടെ നിന്നും ഓരോ ഡിപ്പാർട്മെന്റുകളിലേക്കും മാറ്റി ക്രൂരമർദ്ദനം തുടരുകയും ചെയ്തു(ഇത്തരം ചില സംഗതികൾ പ്രിൻസിപ്പൽ മാതൃഭൂമി ചാനലിന്റെ ചർച്ചയിൽ പറയുന്നത് കേട്ടു). ശേഷം വിദ്യാർത്ഥികൾക്ക് മുന്നിൽ അവനെ ഹാജരാക്കി ഞങ്ങളോട് എതിർത്താൽ ഇതാകും അവസ്ഥ
എന്ന് sfi ക്കാർ ഭീഷണിപ്പെടുത്തി....

പിന്നെ...അവരുടെ ഒരു മാഗസിനുണ്ട്..സ്റ്റുഡന്റ്സ് മാഗസിൻ..എല്ലാവരും നിർബന്ധമായും വരി ചേർന്നിരിക്കണം..ചേരാത്തവർക്കും ഇടിമുറി നന്നായി പരിചയപ്പെടാൻ പറ്റും.സ്റ്റുഡന്റ് മാഗസിനിൽ വരി ചേരാത്തതിന്റെ പേരിലാണ് അറബിക് ഡിപാർട്മെന്റിലെ ഒരു വിദ്യാർത്ഥിയെ അദ്ധ്യാപകൻ ക്ലാസെടുത്തു കൊണ്ടിരിക്കെ വലിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മർദിച്ചത്.മർദനം പേടിച്ച് എല്ലാവരും വരി ചേരുകയാണ് ഉണ്ടാവാറ്. (ഏറ്റവും കൂടുതൽ വരിക്കാരുള്ള എന്നല്ല, ഏറ്റവും കൂടുതൽ ഇരകളുള്ള മാസിക എന്ന Ad tag ആകും അതിനു നന്നായി ചേരുക.)

ഇലക്ഷനു സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച സനോജ് എന്ന ഒരു വിദ്യാർഥി ഉണ്ടായിരുന്നു.ആദ്യത്തിൽ കുറേയൊക്കെ ഭീഷണിപ്പെടുത്തിയെങ്കിലും അവൻ ഉറച്ച് നിന്നു. പത്രികാ സ്‌ക്രൂട്ടിനി കഴിഞ്ഞ് 10 മിനിറ്റ് കഴിഞ്ഞപ്പോൾ അവൻ നോമിനേഷൻ പിൻവലിക്കാൻ അപേക്ഷ കൊടുക്കുന്നതാണ് കണ്ടത്.ചോദിച്ചപ്പോൾ അവൻ ഒന്നും പറഞ്ഞില്ല.ആകെ പേടിച്ചിരുന്നു.കുറെ നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞു,നോമിനേഷൻ കഴിഞ്ഞിറങ്ങിയപ്പോൾ അവനെയും അവനെ പിന്തുണച്ചവരെയും sfi യുടെ ഒരുപറ്റം വളഞ്ഞ്, 'കൊന്ന് കുഴിച്ച് മൂടുമെന്നും പുറംലോകം ഒരു സംഭവവും അറിയില്ലെന്നും അതിനുള്ള എല്ലാ സംവിധാനവും ഉണ്ടെന്നും' ഭീഷണി ഉയർത്തി, നിർബന്ധിച്ച് നോമിനേഷൻ പിൻവലിപ്പിച്ചെന്ന്. അവനാകെ പേടിച്ചരണ്ടിരുന്നു, അപ്പോൾ..

ഇലക്ഷൻ സമയത്ത് ബൂത്ത് ഏജന്റായി നിന്ന റെഷിനെയും ഇടിമുറിയിലിട്ട് മർദ്ദിച്ചു sfi ക്കാർ.എന്റെ അടുത്ത സുഹൃത്തായിരുന്ന മുഹ്സിനെ വോട്ട് ചെയ്തത് ചോദിയ്ക്കാൻ ഇടിമുറിയിലേക്ക് വിളിപ്പിച്ചു... പേടിച്ച് വോട്ട് ചെയ്യാതിരുന്നതിനാൽ അവൻ അന്ന് മർദ്ദനത്തിൽ നിന്നും രക്ഷപ്പെട്ടു.വല്ലാതെ ഭീഷണിപ്പെടുത്തിയെന്നും ആ സമയം മറ്റൊരു വിദ്യാർത്ഥിയെ അവർ ആ ഇടിമുറിയിൽ തല്ലിച്ചതക്കുന്നുണ്ടായിരുന്നെന്നും അവൻ പങ്കുവെച്ച അനുഭവം.

കോളേജിലെ തന്നെ sfi സീനിയേഴ്‌സും ജൂനിയേഴ്‌സും തമ്മിലെ സംഘർഷമായിരുന്നു മറ്റൊരു നടുക്കിയ അനുഭവം. അവിടെ നിന്ന് നേരത്തേ പാസ്ഔട്ട് ആയ സീനിയേഴ്‌സിനെ തല്ലാൻ കോളേജിലെ sfi ക്കാർ ഇടിമുറിയിൽ നിന്നും വടിവാളും ചെയിനും പട്ടിക കഷ്ണങ്ങളുമായി അലറി വിളിച്ച് സീനിയേഴ്‌സിന് നേരെ പാഞ്ഞടുക്കുന്ന രംഗം ഇന്നും വല്ലാത്തൊരു കാഴ്ചയായി മനസിലുണ്ട്.വാളും വീശി 'ധൈര്യമുണ്ടേൽ ഇങ്ങ് വാടാ' എന്നും പറഞ്ഞ് കോളേജിന് പുറത്ത് യുദ്ധസമാനമായ രംഗം.അവരിലൊരാളുടെ തലയിൽ വെട്ട് കൊണ്ട് ചോരയൊലിക്കുന്നുണ്ടായിരുന്നു.കോളേജിനുള്ളിൽ ഉണ്ടായിരുന്ന അന്നത്തെ sfi ജില്ലാ സെക്രട്ടറി അൻസാരിയോട് എന്റെ കൂട്ടുകാരി നൗറീൻ ചോദിച്ചു,'നിങ്ങൾക്ക് നിങ്ങളുടെ പ്രവർത്തകരോട് വേണ്ടാന്ന് പറഞ്ഞൂടെ..എല്ലാം നോക്കി നിന്ന് പ്രോത്സാഹിപ്പിക്കുകയാണോന്ന്..'.ചോദ്യം കേട്ട ഭാവം പോലും ഇല്ലാതെ അദ്ദേഹം മാറി നിന്നു.

Udf ഭരിക്കുന്ന സമയം ആയതിനാൽ ആഴ്ചയിൽ മൂന്നോ നാലോ മാർച്ചുകളുണ്ടാവുമായിരുന്നു ആ സമയത്ത്. ക്ലാസിൽ നിന്ന് നിർബന്ധിപ്പിച്ച് ഇറക്കുമായിരുന്നു എല്ലാവരെയും.'മുങ്ങുന്നവരെ ' നോക്കാൻ പ്രത്യേകമായി ആളുകളെ ഏർപ്പാടാക്കിയിരുന്നു. ഇടിമുറിയെ പേടിച്ച്, എന്തിനാ വെറുതെ ഒരു പ്രശ്നത്തിന് പോകുന്നത് എന്ന ഭീതിയിൽ വിദ്യാർഥികളൊക്കെ മാർച്ചിന് പോവുമായിരുന്നു.വൈകുന്നേരം ആണ് മാർച്ചെങ്കിൽ 3 മണിക്ക് കോളേജ് ഗേറ്റിന് മുന്നിൽ sfi ക്കാരുടെ കാവൽ ഉണ്ടാവും.

പോകുന്ന കുട്ടികളെയൊക്കെ അവിടെ തടയും.മാർച്ച് കഴിഞ്ഞേ വിടൂ.ഇതാണ് ആയിരക്കണക്കിന് കുട്ടികളെ പങ്കെടുപ്പിച്ചുള്ള sfi യുടെ മാർച്ചിന്റെയൊക്കെ പിന്നാമ്പുറ കഥകൾ. SFI ആധിപത്യത്തിന്റെ തടവറയിലിരുന്ന് ജനാധിപത്യ മുദ്രാവാക്യം മുഴക്കുന്ന നിസ്സഹായരായ ഒരു കൂട്ടം. SFI യ്ക്ക് അവർക്കിഷ്ടാനുസരണം ഉപയോഗപ്പെടുത്താവുന്ന ടൂളുകൾ മാത്രമായിരുന്നു ഈ കോളേജിലെ വിദ്യാർത്ഥികൾ (അന്നും എന്നും).

ഇങ്ങനെ ധാരാളമുണ്ട് അനുഭവങ്ങൾ...sfi എന്താണെന്ന് നേരിൽ അനുഭവിച്ചറിഞ്ഞ 3 വർഷങ്ങൾ.അവരുടെ സംസ്ഥാന-ജില്ലാ നേതാക്കൾ എല്ലാം മിക്കവാറും കോളേജിൽ ഉണ്ടാവുമായിരുന്നു.കോളേജിലെ അധ്യാപകരിൽ ഭൂരിഭാഗവും ഇവരുടെ ബാക്കിയായിരുന്നു. AKGCTA യുടെ നിർബന്ധപ്പിരിവ് അധ്യാപകർക്കിടയിൽ വരെ ഉണ്ടായിരുന്നു; പിന്നെ പറയണോ മക്കളുടെ കാര്യം.എന്തേലും പരാതി കോളേജിൽ കൊടുത്താൽ അത് വളരെപ്പെട്ടെന്ന് 'എത്തേണ്ടവരുടെ കൈകളിൽ ' എത്തിക്കാൻ അവിടുത്തെ അധ്യാപകരും മറ്റ് സ്റ്റാഫും സദാ ബദ്ധശ്രദ്ധരായിരുന്നതിനാൽ ,പരാതി കൊടുത്തവർ പ്രതികൾ ആവുന്ന മറിമായം അവിടെ അത്ര പുതുമയുള്ളതായിരുന്നില്ല.
ഇന്നും മർദനങ്ങൾക്ക് യാതൊരു കുറവുമില്ല അവിടെ. ഓരോ വർഷവും sfi യുടെ അതിക്രമങ്ങളുടെ ഇരകളായിക്കൊണ്ടിരിക്കുന്ന എത്രയെത്ര വിദ്യാർത്ഥികൾ...!

പഠിക്കുന്ന കാലത്ത് വിദ്യാർത്ഥികളെ സംഘടിപ്പിച്ച് sfi യുടെ ഗുണ്ടായിസത്തിനെതിരെ ജനപ്രതിനിധികൾക്കും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കും നിവേദനങ്ങൾ നൽകിയിരുന്നു.ഞങ്ങളനുഭവിക്കുന്ന മർദ്ദനങ്ങൾക്കും പീഡനങ്ങൾക്കും പരിഹാരം വേണമെന്ന് അവരോടൊക്കെ കരഞ്ഞ് പറഞ്ഞിരുന്നു.അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല,ഡി.ജി.പി,മനുഷ്യാവകാശ,യുവജന,വനിതാ കമ്മീഷനുകൾ,
പാളയത്തുള്ള വിവിധ മത വിഭാഗങ്ങളുടെ അധികാരികൾ തുടങ്ങിയവരെയൊക്കെ നേരിൽ കണ്ട് അഭ്യർത്ഥിച്ചു.പക്ഷെ ഇപ്പോഴും കഥ പഴയ പോലെ തന്നെ.

കേസുകളും പരാതികളും വെറും കടലാസ് കഷണങ്ങൾ മാത്രമാവുന്നു എന്നതാണ് അവിടെ ഇപ്പോഴും sfi ഗുണ്ടകൾ വിഹരിക്കുന്നതിന്റെ കാരണം.എന്ത് ചെയ്താലും തങ്ങൾക്ക് യാതൊരു പ്രശ്നവും വരില്ലെന്ന അവരുടെ ഉറപ്പ്.കമ്മീഷനുകളും പോലീസും എല്ലാം വെറും പ്രഹസനം മാത്രമാവുന്നു.
പുതിയ സാഹചര്യത്തിലെങ്കിലും വല്ല മാറ്റവും ഉണ്ടാവുമോ എന്ന പ്രതീക്ഷ പോലും അസ്ഥാനത്താണ്.അത്രയും തീവ്രമായി ആത്മഹത്യാകുറിപ്പ് എഴുതിയ വിദ്യാർത്ഥിനി പരാതി ഇല്ല എന്ന് പറഞ്ഞിരിക്കുന്നു.3 വർഷം അവിടെ ഉണ്ടായിരുന്ന എനിക്ക് മനസിലാവും, sfi യും അവർക്കൊത്ത് പോലീസും ഒക്കെ ഇതിൽ എങ്ങനെ കളിച്ചുവെന്ന്. എന്നിട്ട് ചാനലിൽ വന്നിരുന്ന് ഒരു ഉളുപ്പുമില്ലാതെ പെരുംനുണകൾ പറയുകയാ....നിങ്ങളുടെ ഇടിമുറിയിലിട്ട് കൊല്ലാക്കൊല ചെയ്ത ഞങ്ങളടങ്ങുന്ന ഒരു കൂട്ടം വിദ്യാർഥികൾ കേൾക്കെ തന്നെ ഇതെല്ലാം പറയണം.

ഇനി അവിടെ തുടർന്ന് പഠിക്കുന്നില്ലെന്ന് തീരുമാനിച്ച വിദ്യാർത്ഥിനിയുടെ തീരുമാനത്തെക്കുറിച്ച് sfi പ്രതിനിധിയോട് അഭിപ്രായം ചോദിച്ചപ്പോൾ അയാൾ പറഞ്ഞ മറുപടി "അവൾ അവിടെ പഠിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ സംരക്ഷിക്കു"മെന്ന്.വടകരയിൽ വെട്ടേറ്റ സ്വതന്ത്ര സ്ഥാനാർഥി നസീറിനെ, ഇപി ജയരാജൻ സന്ദർശിച്ച അതേ സീൻ.
മതിയേ... നിങ്ങൾ സംരക്ഷിച്ചേടത്തോളമൊക്കെ മതി.അല്ലേലും അടക്കിഭരിച്ച് രക്ഷാധികാരി ചമയൽ തന്നെ ആണല്ലോ എവിടെയും നി
ങ്ങളുടെ പണി.

നട്ടെല്ലുണ്ടാവേണ്ടത് ഇവിടുത്തെ മാധ്യമങ്ങൾക്കാണ്... നിയമ സംവിധാനങ്ങൾക്കാണ്... ഇരകളുടെ എണ്ണവും,അവരുടെ അവസ്ഥയും ഇതിലും ഭീതിദമാവുന്നതിന് മുൻപ്,ഈ കൊല്ലാകൊലകൾക്ക് അറുതിവരുത്താൻ ഇവിടുത്തെ ജനാധിപത്യ സംവിധാനങ്ങൾക്ക് സാധിക്കുമോ എന്നതാണ് ചോദ്യം...!