LiveTV

Live

Kerala

മാപ്പിളപ്പാട്ടിന്‍റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസക്ക് മീഡിയവണിന്‍റെ സ്നേഹാദരം‌ 

എരഞ്ഞോളി മൂസയുടെ മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കിയ പ്രത്യേക സംഗീത നിശയും അരങ്ങേറി.

മാപ്പിളപ്പാട്ടിന്‍റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസക്ക് മീഡിയവണിന്‍റെ സ്നേഹാദരം‌ 

മാപ്പിളപ്പാട്ടിന്‍റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസക്ക് മീഡിയവണിന്‍റെ സ്നേഹാദരം. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ഓര്‍മ്മയില്‍ മൂസാക്ക എന്ന അനുസ്മരണ പരിപാടി മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എരഞ്ഞോളി മൂസയുടെ മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കിയ പ്രത്യേക സംഗീത നിശയും അരങ്ങേറി.

മലയാളിക്ക് മാപ്പിളപ്പാട്ടിന്റെ വസന്തകാലം സമ്മാനിച്ച എരഞ്ഞോളി മൂസക്ക് മീഡിയവണ്‍ ജന്മനാട്ടിലൊരുക്കിയ സ്നേഹാദരത്തിന് സാക്ഷികളാവാന്‍ നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ ചടങ്ങ് സംസ്ഥാന വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എരഞ്ഞോളി മൂസയുടെ മക്കളായ നിസാറിനെയും സാജിദയെയും മന്ത്രി ഇ.പി ജയരാജന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തിയ മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ഗാനമാലപിച്ചാണ് സദസിനെ കയ്യിലെടുത്തത്. മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ്, കലക്ടര്‍ ടി.വി സുഭാഷ്, ഫൈസല്‍ എളേറ്റില്‍, വി.ടി മുരളി, മീഡിയവണ്‍ ബിസിനസ് ഹെഡ് എം.സാജിദ് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് മൂസക്കയുടെ ശബ്ദത്തില്‍ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ പാട്ടുകള്‍ കോര്‍ത്തിണക്കിയുളള സംഗീത നിശയും അരങ്ങേറി. കണ്ണൂര്‍ ശരീഫ്, രഹ്ന, ആദില്‍ അത്തു തുടങ്ങിയവരും സംഗീത നിശക്ക് നേതൃത്വം നല്‍കി.