LiveTV

Live

Kerala

കരസേന ക്യാമ്പിന് സമീപം നിര്‍മാണ അനുമതി നല്‍കുന്നില്ല; വീട് പണിയാനാകാതെ കുടുംബം

നിലവില്‍ കോഴിക്കോട് ക്യാമ്പിന് സമീപത്ത് താമസിക്കുന്നവര്‍ക്ക് എന്‍.ഒ.സി ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ സര്‍ക്കുലര്‍ നിലനില്‍ക്കുമ്പോഴാണ് ഈ ദുരവസ്ഥ.

 കരസേന ക്യാമ്പിന് സമീപം നിര്‍മാണ അനുമതി നല്‍കുന്നില്ല; വീട് പണിയാനാകാതെ കുടുംബം

ആവശ്യമില്ലാത്ത നോണ്‍ ഒബ്‍ജക്റ്റ് സര്‍ട്ടിഫിക്കറ്റിന്‍റെ പേരില്‍ വീട് പണിയാന്‍ പോലും സാധിക്കാതെ കോഴിക്കോട് വെസ്റ്റ്ഹില്‍ കരസേനാ ക്യാമ്പിന് സമീപം താമസിക്കുന്നവര്‍ വലയുന്നു. കരസേനയുടെ എന്‍.ഒ.സി ലഭിക്കാതെ വീട് നിര്‍മാണത്തിനോ അറ്റകുറ്റപ്പണിക്കോ അനുമതി നല്‍കാനാവില്ലെന്നാണ് കോര്‍പ്പറേഷന്‍റെ നിലപാട്. നിലവില്‍ കോഴിക്കോട് ക്യാമ്പിന് സമീപത്ത് താമസിക്കുന്നവര്‍ക്ക് എന്‍.ഒ.സി ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ സര്‍ക്കുലര്‍ നിലനില്‍ക്കുമ്പോഴാണ് ഈ ദുരവസ്ഥ.

കെ.എസ്.ഇ.ബിയില്‍ ഉദ്യോഗസ്ഥനായ സിന്ധുരാജിന്‍റെ വീട് വിക്രം മൈതാനിയില്‍ നിന്നും 48 മീറ്റര്‍ ദൂരത്തായിരുന്നു. കാലപ്പഴക്കത്താല്‍ തകര്‍ന്നു തുടങ്ങിയ വീട് പുതിയ വീട് വെക്കാനായി പൊളിച്ചു മാറ്റിയിട്ട് മൂന്ന് വര്‍ഷമായി. വീട് വെക്കാന്‍ വാങ്ങിയ കമ്പിയുള്‍പ്പെടെയുള്ളവ നശിച്ചു. കിടപ്പു രോഗിയായ അനിയനൊപ്പം വാടകവീട്ടിലാണ് ഇവരുടെ താമസം.

കേന്ദ്രസര്‍ക്കാര്‍ മൂന്ന് വര്‍ഷം മുമ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം കേരളത്തില്‍ കണ്ണൂരിലെ ക്യാമ്പിനു സമീപത്ത് താമസിക്കുന്നവര്‍ക്ക് മാത്രമേ കരസേനയുടെ എന്‍.ഒ.സി ആവശ്യമുള്ളൂ. എന്നാല്‍ ഈ പുരയിടത്തിലടക്കം നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കാത്തതിന് വ്യക്തമായ കാരണം പറയാന്‍ കരസേന അധികൃതര്‍ തയ്യാറല്ല.