LiveTV

Live

Kerala

യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം പ്രത്യേക സംഘം അന്വേഷിക്കും

കന്‍റോണ്‍മെന്‍റ് സി.ഐക്കാണ് ചുമതല. എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിയ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് അടക്കം ആറ് പ്രതികള്‍ ഒളിവിലാണ്. കുത്തേറ്റ അഖിലിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.

യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘര്‍ഷം പ്രത്യേക സംഘം അന്വേഷിക്കും. കന്‍റോണ്‍മെന്‍റ് സി.ഐക്കാണ് ചുമതല. എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിയ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് അടക്കം ആറ് പ്രതികള്‍ ഒളിവിലാണ്.

യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം കരുതിക്കൂട്ടിയുണ്ടാക്കിയതാണെന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്. കാന്റീനില്‍ നേരത്തെയുണ്ടായ വഴക്കിനെ തുടര്‍ന്ന് യൂണിറ്റ് മെമ്പര്‍മാര്‍ യൂണിറ്റ് റൂമില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോട് കൂടി സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

Also read: യൂണിവേഴ്സിറ്റി കോളജ് ആക്രമണം; കുത്തിയത് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റെന്ന് എഫ്.ഐ.ആര്‍

ഇന്നലെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിന് കുത്തേറ്റത്. അഖില്‍ ഉള്‍പ്പെടെ ഒരു സംഘം വിദ്യാര്‍ഥികള്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാന്‍റീനില്‍ ഒത്തുചേര്‍ന്ന് പാട്ടു പാടിയിരുന്നു. ഇത് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നേതാക്കള്‍ ചോദ്യം ചെയ്തു. ഈ നേതാക്കള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ തിരിഞ്ഞതോടെ സംഘര്‍ഷം തുടങ്ങി.

Also read: യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

അഖിലിനെ കുത്തിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് കോളജിലെ എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. എസ്.എഫ്.ഐക്കെതിരെ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി.‌ സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ കോളജിലേക്ക് മടങ്ങിയെത്തിയതോടെ വീണ്ടും സംഘര്‍ഷമുണ്ടായി.

പരാതിയുമായി മുന്നോട്ടുപോകുമെന്ന് അഖിലിന്‍റെ പിതാവ് ചന്ദ്രന്‍ പറഞ്ഞു. കേസുമായി ഏതറ്റം വരെയും പോകും. നിയമ നടപടിയുമായി മുന്നോട്ട് പോകാൻ സി.പി.എം പിന്തുണ അറിയിച്ചിട്ടുണ്ട്. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻ എം.എൽ.എ വി ശിവൻകുട്ടി എന്നിവർ അശുപത്രിയിൽ എത്തി പിന്തുണ അറിയിച്ചിട്ടുണ്ട്. താനും കുടുംബവും ഇപ്പോഴും കമ്യൂണിസ്റ്റുകാരാണ്. ആരും ഒത്തുതീർപ്പിനായി സമീപിച്ചിട്ടില്ലെന്നും ചന്ദ്രൻ വ്യക്തമാക്കി.