LiveTV

Live

Kerala

യൂണിവേഴ്സിറ്റി കോളജ് ആക്രമണം; കുത്തിയത് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റെന്ന് എഫ്.ഐ.ആര്‍

പൊലീസിലേക്കുള്ള തെരഞ്ഞടുപ്പ് പൂര്‍ത്തിയാക്കിവരാണ് കേസിലെ പ്രതികളായ നസീമും ശിവരഞ്ജിത്തും

യൂണിവേഴ്സിറ്റി കോളജ് ആക്രമണം; കുത്തിയത് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റെന്ന് എഫ്.ഐ.ആര്‍

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ കുത്തിയത് യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്ന് പൊലീസ് എഫ്ഐആര്‍. സംഭവം വ്യക്തി വൈരാഗ്യമാണെന്നും എഫ്ഐആര്‍ വിശദീകരിക്കുന്നു.

പൊലീസിലേക്കുള്ള തെരഞ്ഞടുപ്പ് പൂര്‍ത്തിയാക്കിവരാണ് കേസിലെ പ്രതികളായ നസീമും ശിവരഞ്ജിത്തും. രാഷ്ട്രീയ സംഘര്‍ഷമല്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് യൂണിവേഴ്സിറ്റി കോളജിലേതെന്നും തിരു.പുരം കന്റോണ്‍മെന്റ് പൊലീസ് തയ്യാറാക്കിയ എഫ്ഐആര്‍ പറയുന്നത്.

ശിവരഞ്ജിത്തും അഖിലും തമ്മില്‍ വ്യക്തി വിരോധം നിലനിന്നിരുന്നു. ഇതാണ് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചത്. കേസില്‍ പ്രതികളായ ആറു പേര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന മുപ്പത് പേര്‍ക്കെതിരെ കൂടി എഫ്ഐആറില്‍ കുറ്റം ചുമത്തിയിട്ടുണ്ട്.

നേരത്തെ എസ്എഫ്ഐക്കുള്ളിലെ ആഭ്യന്തര കലഹങ്ങളാണ് ആക്രമിക്കപ്പെടാന്‍ കാരണമെന്നായിരുന്നു അഖിലിന്റെ സുഹൃത്തുക്കള്‍ വിശദീകരിച്ചത്. ഈ വാദം തള്ളിക്കളയുന്നതാണ് എഫ്ഐആര്‍.

കേസിലെ പ്രതികളായ എസ്എഫ്ഐയുടെ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തും സെക്രട്ടറി നസീമും പൊലീസ് സെലക്ഷന്‍ ലഭിച്ച് നില്‍ക്കുന്നവരാണ്. ശിവരഞ്ജിത്ത് ഒന്നാം റാങ്കുകാരനും നസീം ലിസ്റ്റില്‍ 28 ആം റാങ്കുകാരനുമാണ്.

നസീം നേരത്തെ പാളയത്ത് പൊലീസിനെ തന്നെ ആക്രമിച്ച കേസിലെ പ്രതി കൂടിയാണ്. ഇരുവരുടേയും ക്രിമിനല്‍ പശ്ചാത്തലം പരിഗണിച്ചുകൊണ്ട് കോളജില്‍ നിന്ന് പുറത്താക്കണമെന്നാണ് വിവിധ വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം..