LiveTV

Live

Kerala

ഓട്ട് കമ്പനിയിലേക്ക് കടത്തിയ കളിമണ്ണ് തിരിച്ച് പാടത്ത് എത്തിക്കണമെന്ന് കലക്ടര്‍

കലക്ടറുടെ നിര്‍ദേശത്തിന് പിന്നാലെ ഓട്ട് കമ്പനി ഉടമയുടെ നേതൃത്വത്തില്‍ കളിമണ്ണ് തിരിച്ചുകൊണ്ട് വന്ന് പാടത്തിട്ട് തുടങ്ങി

ഓട്ട് കമ്പനിയിലേക്ക് കടത്തിയ കളിമണ്ണ് തിരിച്ച് പാടത്ത് എത്തിക്കണമെന്ന് കലക്ടര്‍

തൃശൂര്‍ ചെങ്ങാലൂരില്‍ ഓട്ട് കമ്പനിയിലേക്ക് കളിമണ്ണ് കടത്തിയ സംഭവത്തില്‍ കര്‍ശന നടപടിയുമായി തൃശൂര്‍ ജില്ലാ കലക്ടര്‍ എസ്.ഷാനവാസ്. പാടത്ത് നിന്ന് കൊണ്ടുപോയ കളിമണ്ണ് ഉപയോഗിച്ച് പാടം പൂര്‍വ സ്ഥിതിയിലാക്കാനാണ് കലക്ടറുടെ നിര്‍ദേശം. കലക്ടറുടെ നിര്‍ദേശത്തിന് പിന്നാലെ ഓട്ട് കമ്പനി ഉടമയുടെ നേതൃത്വത്തില്‍ കളിമണ്ണ് തിരിച്ചുകൊണ്ട് വന്ന് പാടത്തിട്ട് തുടങ്ങി

ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകരാണ് കളിമണ്ണ് കടത്തിയ സംഭവത്തില്‍ പരാതിയുമായി രംഗത്തെത്തിയത്. പഞ്ചായത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഓട്ട് കമ്പനിയിലേക്കാണ് കളിമണ്ണ് കടത്തിയത്. പരാതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന സിറ്റിങില്‍ പാടം പൂര്‍വസ്ഥിതിയിലാക്കാന്‍ കലക്ടര്‍ ഓട് കമ്പനി ഉടമക്ക് കര്‍ശന നിര്‍ദേശം നല്‍കി. പാടത്ത് നിന്നെടുത്ത കളിമണ്ണ് തന്നെ തിരിച്ച് കൊണ്ട് ഇടണം. അതിന് ശേഷം ഓട് ഫാക്ടറി തുറന്നാല്‍ മതിയെന്നായിരുന്നു കലക്ടറുടെ നിര്‍ദേശം.

പകല്‍ സമയത്ത് മാത്രമെ പാടം പൂര്‍വസ്ഥിതിയിലാക്കുന്ന പ്രവൃത്തി നടത്താന്‍ പാടുള്ളുവെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. 10 ദിവസത്തിനകം പാടം പൂര്‍വസ്ഥിതിയിലാക്കാനാണ് കലക്ടര്‍ എസ്.ഷാനവാസിന്റെ നിര്‍ദേശം.