LiveTV

Live

Kerala

ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

മൂന്നാം പ്രതി ആദിത്യന്റെ സുഹൃത്ത് വിഷ്ണു റോയിയാണ് അറസ്റ്റിലായത് 

ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

സിറോ മലബാർ സഭാ വ്യാജരേഖ കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍. ബംഗളൂരുവിൽ ജോലി ചെയ്യുന്ന വിഷ്ണു റോയിയെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ മൂന്നാം പ്രതിയായ ആദിത്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്.

ബംഗളൂരുവിൽ വിഷ്യൽ ഡിസൈനറായ വിഷ്ണു റോയി കേസിലെ മൂന്നാം പ്രതി ആദിത്യന്റെ സുഹൃത്താണ്. വ്യാജരേഖക്കേസിലെ ചില രേഖകൾ ഇയാളാണ് നല്കിയതെന്നാണ് ആദിത്യയുടെ മൊഴി . ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിൽ എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇന്നു പുലർച്ചെ വിഷ്ണുവിനെ അന്വേഷണ സംഘം കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട പല നിർണ്ണായക സൂചനകളും ലഭിച്ചതായാണ് സൂചന. അന്വേഷണം കൂടുതൽ വൈദികരിലേക്കും നീളാൻ സാധ്യതയുള്ളതായാണ് വിവരം.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ചിലർ ആദിത്യയെ ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. വിശ്വാസി സംഘടനകളുടെ ഭാരവാഹികളുമായി ആദിത്യയ്ക്കുള്ള അടുത്ത ബന്ധവും അന്വേഷിച്ചുവരികയാണ്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദർ പോൾ തേലക്കാട്ട്, ടോണി കല്ലൂക്കാരൻ എന്നിവരെയും ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യും.