LiveTV

Live

Kerala

സ്വകാര്യ ഭൂമി പോക്കുവരവ് നടത്തി കരമടച്ചെന്ന പരാതി; പി.വി അൻവറിന്‍റെ അഭിഭാഷകൻ ഹാജരായി

ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചില്ലെന്നും മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് എത്തിയതെന്നും വിശദീകരണം നൽകാൻ രണ്ടാഴ്ച സാവകാശം വേണമെന്നും കമ്പനി ആവശ്യപ്പെട്ടു.

 സ്വകാര്യ ഭൂമി പോക്കുവരവ് നടത്തി കരമടച്ചെന്ന പരാതി; പി.വി അൻവറിന്‍റെ അഭിഭാഷകൻ ഹാജരായി

സ്വകാര്യ ഭൂമി പോക്കുവരവ് നടത്തി കരമടച്ച് സ്വന്തമാക്കിയെന്ന പരാതിയിൽ പി.വി. അൻവർ എം.എൽ.എ.യുടെ പേരിലുള്ള കമ്പനിക്ക്‌ വേണ്ടി അഭിഭാഷകൻ ആലുവ തഹസിൽദാറുടെ മുമ്പാകെ ഹാജരായി. ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചില്ലെന്നും മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് എത്തിയതെന്നും വിശദീകരണം നൽകാൻ രണ്ടാഴ്ച സാവകാശം വേണമെന്നും കമ്പനി ആവശ്യപ്പെട്ടു.

പി.വി. അൻവർ എം.ഡിയായ കോയമ്പത്തൂരിലെ പീവീസ് റിയൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്‌ ലേലത്തിൽ പിടിച്ച ഭൂമിക്കെതിരെയാണ് തണ്ടപ്പേർ മാറ്റിയെന്ന് പരാതിയുയർന്നത്. ഉടമസ്ഥനായ ജോയ് മാത്യുവിന്റ ഭാര്യ ഗ്രേസി മാത്യു, ഈസ്റ്റ് വില്ലേജ് ഓഫീസർ വി.പി. ഡേവിസ് എന്നിവരും ഹാജരായി. ഹോട്ടലിനും റിസോർട്ടിനുമായി നിർമിച്ച എടത്തലയിലെ എട്ട് നില കെട്ടിടം ഉൾപ്പെടുന്ന 11.46 സെന്റ് ഭൂമി ലേലത്തിനെടുത്തവർ കരമടച്ച് ഉടമസ്ഥാവകാശം സ്വന്തമാക്കിയെന്നാണ് പരാതി.

കാക്കനാട് സ്വദേശി ജോയ് മാത്യുവിന്റേതാണ് എടത്തലയിലുള്ള ഭൂമി. ജോയ് മാത്യുവിനും പങ്കാളിത്തമുള്ള ജോയ്മാറ്റ് ഹോട്ടൽ ആൻഡ്‌ റിസോർട്ടിന് ഭൂമി 99 വർഷത്തെ പാട്ടത്തിന് നൽകുകയായിരുന്നു. ഭൂമിയുടെ മേൽ വായ്പാ കുടിശ്ശിക വന്നതോടെ വായ്പ നൽകിയ ടൂറിസം ഫിനാൻസ് കോർപ്പറേഷൻ പാട്ടാവകാശം ലേലം ചെയ്തു.

പീവീസ് റിയൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പാട്ടാവകാശം വാങ്ങുകയായിരുന്നു. ജോയി മാത്യുവിന്റെ മരണ ശേഷം ഭാര്യ ഗ്രേസ് മാത്യു ആലുവ ഈസ്റ്റ് വില്ലേജ് ഓഫീസിൽ കരമടയ്ക്കാൻ എത്തിയപ്പോഴാണ് പീവീസ് റിയൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കരമടച്ചതായി കണ്ടെത്തിയത്. പാട്ട കാലാവധി കഴിയുമ്പോൾ ഉടമയ്ക്ക് തിരികെ ലഭിക്കേണ്ട ഭൂമി പോക്കുവരവ് നടത്തി തണ്ടപ്പേരില്ലാതെ കരം സ്വീകരിച്ചതിനെതിരെ ഗ്രേസ് മാത്യു ജില്ല കളക്ടർക്ക് പരാതി നൽകുകയായിരുന്നു.