LiveTV

Live

Kerala

നെട്ടൂര്‍ കൊലപാതകം: പിതാവ് നല്‍കിയ ഹരജി ഹൈക്കോടതി തീർപ്പാക്കി

കാണാതായതായി പരാതി നല്‍കിയിട്ടും അന്വേഷണം നടത്താതിരുന്ന പോലിസുദ്യോഗസ്ഥര്‍ക്കെതിരെ നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അർജുന്‍റെ കുടുംബം

നെട്ടൂര്‍ കൊലപാതകം: പിതാവ് നല്‍കിയ ഹരജി ഹൈക്കോടതി തീർപ്പാക്കി

നെട്ടൂരിൽ കൊല്ലപ്പെട്ട അർജുനെ കാണാനില്ലെന്നു കാണിച്ച് പിതാവ് നല്‍കിയ ഹരജി ഹൈക്കോടതി തീർപ്പാക്കി. അന്വേഷണം കാര്യക്ഷമമായി നടത്തുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കാണാതായതായി പരാതി നല്‍കിയിട്ടും അന്വേഷണം നടത്താതിരുന്ന പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അർജുന്‍റെ കുടുംബം. പൊലീസ് അനാസ്ഥയ്ക്കെതിരെ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

പനങ്ങാട് പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചായിരുന്നു അര്‍ജുന്‍റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയത്. എന്നാല്‍ അര്‍ജുന്‍റെ മൃതദേഹം കണ്ടെടുത്ത സാഹചര്യത്തില്‍ ഹരജി നിയമപരമായി നിലനില്ക്കില്ലെന്ന് കണ്ടാണ് കോടതി തീര്‍പ്പാക്കിയത്. അർജുൻ കൊല്ലപ്പെട്ടെന്നും ഹർജിയിലെ ഏഴാം എതിർകക്ഷിയായ നിപിൻ ജൂഡ്സൺ ആണ് ഒന്നാം പ്രതിയെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികൾ റിമാൻഡിലാണ്.

പനങ്ങാട് പൊലിസ് റജിസ്റ്റർ ചെയ്ത കേസിൽ കൊലപാതക കുറ്റവും അനുബന്ധ വകുപ്പുകളും ഉൾപ്പെടുത്തിയെന്നുമാണ് പൊലീസ് വിശദീകരിച്ചത്. പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച്ചയുണ്ടായതായി പിതാവിന്‍റെ അഭിഭാഷകനും കോടതിയെ അറിയിച്ചു. എന്നാല്‍ കൊല്ലപ്പെട്ടയാൾ അർജുൻ ആണ് എന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലും അന്വേഷണം നടക്കുന്നതിനാലും ഹേബിയസ് കോർപസ് ഹരജി തീര്‍പ്പാക്കുന്നതായി കോടതി വ്യക്തമാക്കി.