LiveTV

Live

Kerala

നെടുമ്പാശേരി വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയ സ്ഥാപനത്തിൽ വൻ വെട്ടിപ്പ് 

റിസർവ് ബാങ്ക് ചട്ടം ലംഘിച്ച് കോടികള്‍ വെട്ടിപ്പ് നടത്തിയതായി എയർ കസ്റ്റംസ് ഇന്റലിജൻസിന്റ പരിശോധനയില്‍ വ്യക്തമായി.

നെടുമ്പാശേരി വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയ സ്ഥാപനത്തിൽ വൻ വെട്ടിപ്പ് 

നെടുമ്പാശേരി വിമാനത്താവളത്തിലെ തോമസ് കുക്ക് എന്ന വിദേശ നാണയ വിനിമയ സ്ഥാപനത്തിൽ വൻ വെട്ടിപ്പ് കണ്ടെത്തി. റിസർവ് ബാങ്ക് ചട്ടം ലംഘിച്ച് കോടികള്‍ വെട്ടിപ്പ് നടത്തിയതായി എയർ കസ്റ്റംസ് ഇന്റലിജൻസിന്റ പരിശോധനയില്‍ വ്യക്തമായി. വിമാനത്താവളത്തിലെ സ്ഥാപനത്തിൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.

നെടുമ്പാശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റി ഹോൾഡ് എരിയയിൽ പ്രവർത്തിക്കാന്‍ അനുമതിയുണ്ടായിരുന്ന തോമസ് കുക്ക് എന്ന വിദേശ നാണയ വിനിമയ സ്ഥാപനത്തിലാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ വൻ വെട്ടിപ്പ് കണ്ടെത്തിയത്. റിസർവ് ബാങ്ക് ചട്ടം ലംഘിച്ച് 14 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.

വിദേശത്തേക്ക് പോകുന്ന ഇന്ത്യാക്കാർക്ക് 25000 രൂപക്ക് വരെ വിദേശ കറൻസി മാറ്റി നൽകാം. എന്നാൽ ഇതിന് മുകളിൽ 2000 ത്തോളം ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. ഇത് ഫോറിൻ എക്സചേഞ്ച് മാനേജ്മെന്റ് ആക്ട്, ഇന്ത്യൻ കസ്റ്റംസ് ആക്ട് പ്രകാരവും നിയമവിരുദ്ധമാണ്.

പുതിയ വിമാനതാവള ടെർമിനലിൽ എല്ലാ പരിശോധനയും പൂർത്തിയാക്കിയ ശേഷം ചെയ്യുന്ന സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ പ്രവർത്തിക്കാൻ അനുവാദമുള്ളത് തോമസ് കുക്കെന്ന സ്ഥാപനത്തിനാണ്. പുതിയ ടെർമിനല്‍ ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിലാണ് ഈ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഈ സ്ഥാപനത്തിന്റെ പ്രവർത്തന കാലാവധി അവസാനിച്ചിരുന്നു.

കസ്റ്റംസ് വിഭാഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ നെടുമ്പാശേരിയിലെ ഈ സ്ഥാപനത്തിൽ പരിശോധന നടത്തി. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലെ വിദേശ നാണയ വിനിമയ സ്ഥാപനങ്ങളിലും സമാനമായ തട്ടിപ്പ് നടന്നിരിക്കാൻ സാധ്യതയുള്ളതിനാൽ വിശദമായ അന്വേഷണത്തിനാണ് റിസര്‍വ് ബാങ്ക് അധികൃതര്‍ തയ്യാറെടുക്കുന്നത്.