LiveTV

Live

Kerala

കേരളവര്‍മ കോളജ് പ്രിന്‍സിപ്പാള്‍ രാജി പിന്‍വലിച്ചു

പ്രിന്‍സിപ്പാള്‍ പദവി കോടതി കയറിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കേരള വര്‍മ കോളജ് പ്രിന്‍സിപ്പാള്‍ എ.പി ജയദേവന്‍ രാജി സമര്‍പ്പിച്ചത്.

കേരളവര്‍മ കോളജ് പ്രിന്‍സിപ്പാള്‍ രാജി പിന്‍വലിച്ചു

എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഉപരോധത്തിന് പിന്നാലെ രാജിവെച്ച തൃശൂര്‍ കേരളവര്‍മ കോളജ് പ്രിന്‍സിപ്പാള്‍ രാജി പിന്‍വലിച്ചു. കോളജ് മാനേജ്‌മെന്റിന്റെയും കോളജ് സ്റ്റാഫ് കൗണ്‍സിലിന്റെയും അഭ്യര്‍ത്ഥന മാനിച്ചാണ് പ്രിന്‍സിപ്പാള്‍ എ.പി ജയദേവന്‍ രാജി പിന്‍വലിച്ചത്. ഇന്ന് ചേര്‍ന്ന കോളജ് മാനേജ്‌മെന്റ് യോഗം രാജി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.

പ്രിന്‍സിപ്പാള്‍ പദവി കോടതി കയറിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കേരള വര്‍മ കോളജ് പ്രിന്‍സിപ്പാള്‍ എ.പി ജയദേവന്‍ രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് നല്‍കുന്നതിന് തൊട്ടുമുന്‍പായി പ്രിന്‍സിപ്പാളിന് എസ്.എഫ്.ഐയുടെ ഉപരോധവും നേരിടേണ്ടി വന്നിരുന്നു.

അഡ്മിഷന് വന്ന വിദ്യാര്‍ത്ഥിക്കൊപ്പം പ്രിന്‍സിപ്പാളിന്റെ മുറിയില്‍ പ്രവേശിച്ച കോളജ് യൂണിയന്‍ ചെയര്‍മാനോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു എസ്.എഫ്.ഐയുടെ ഉപരോധം. പ്രിന്‍സിപ്പാള്‍ മാപ്പ് പറയണമെന്ന് എസ്.എഫ്.ഐ നേതാക്കള്‍ ആവശ്യപ്പെട്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്ന് നിലപാടെടുത്ത പ്രിന്‍സിപ്പാള്‍ രാജിക്കത്ത് കൈമാറുകയായിരുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ കോളജ് ചെയര്‍മാനോട് മോശമായി പെരുമാറിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നാണ് പ്രിന്‍സിപ്പാളിനോട് ആവശ്യപ്പെട്ടതെന്നും മാപ്പ് ആവശ്യം മുന്നോട്ട് വെച്ചിരുന്നില്ലെന്നും എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. സീനിയോരിറ്റി മറി കടന്നാണ് ഇടത് അനുകൂല അധ്യാപക സംഘടന അംഗമായ എ.പി ജയദേവന് മാനേജ്‌മെന്റ് പ്രിന്‍സിപ്പാള്‍ പദവി നല്‍കിയത്. പ്രിന്‍സിപ്പാള്‍ പദവി ലഭിക്കേണ്ടിയിരുന്ന അധ്യാപികയെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കോളജിലേക്ക് ഇതിനായി മാറ്റി നിയമിക്കുകയായിരുന്നു.

അധ്യാപിക കോടതിയില്‍ പോയതിനെ തുടര്‍ന്ന് എ.പി ജയദേവനെ പ്രിന്‍സിപ്പാളായി നിയമിച്ച ഉത്തരവിന് അംഗീകാരം നല്‍കരുതെന്ന് കോടതി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതി നിര്‍ദേശത്തെ നിയമപരമായി നേരിടാമെന്നും പ്രിന്‍സിപ്പാള്‍ പദവിയില്‍ തുടരണമെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ പ്രിന്‍സിപ്പാളിനെ അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹം രാജിപിന്‍വലിച്ചത്.