LiveTV

Live

Kerala

സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്കം

മധ്യസ്ഥശ്രമങ്ങള്‍ പാളിയതോടെ ക്രമസമാധാന പ്രശ്നമില്ലാതെ സുപ്രിം കോടതി വിധി നടപ്പാക്കുന്നതെങ്ങനെയെന്ന ചോദ്യമാണ് സര്‍ക്കാരിനെ വലക്കുന്നത്

 സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്കം

സംസ്ഥാന സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലെ തര്‍ക്കം. മധ്യസ്ഥ ശ്രമങ്ങള്‍ പാളിയതോടെ ക്രമസമാധാന പ്രശ്നമില്ലാതെ സുപ്രിം കോടതി വിധി നടപ്പാക്കുന്നതെങ്ങനെയെന്ന ചോദ്യമാണ് സര്‍ക്കാരിനെ വലക്കുന്നത്.

ഓര്‍ത്തഡോക്സ് വിഭാഗത്തിനനുകൂലമായ കോടതി വിധി നടപ്പാക്കണമെന്ന കര്‍ശന നിര്‍ദേശമാണ് സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. അമാന്തം കാണിച്ചാല്‍ ചീഫ് സെക്രട്ടറി ജയിലില്‍ പോകേണ്ടി വരുമെന്നുള്ള ഭീഷണിയുമുണ്ട്. ഓര്‍ത്തഡോക്സ് സഭയാകട്ടെ മധ്യസ്ഥ ചര്‍ച്ച പോലും ബഹിഷ്കരിച്ച് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നു. വിധി നടപ്പാക്കാനുദ്ദേശമില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അന്ത്യശാസനം. ഒരു തരത്തിലുമുള്ള സമവായത്തിനും തങ്ങളില്ലെന്ന സന്ദേശമായി സര്‍ക്കാരിന് കത്തും നല്‍കി. മധ്യസ്ഥ ചര്‍ച്ചയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കോടതിയില്‍ നിന്ന് കൂടുതല്‍ സമയം നേടിയെടുക്കാനാവുമായിരുന്നു.

ചര്‍ച്ച പൊളിഞ്ഞതോടെ ഏതെങ്കിലും വിഭാഗങ്ങളെ പിണക്കാനോ സുപ്രിം കോടതി വിധി നടപ്പാക്കാതെ ഒഴിയാനോ കഴിയാതെ ത്രിശങ്കുവിലായിരിക്കുകയാണ് സര്‍ക്കാര്‍. ആറന്മുളയിലും ചെങ്ങന്നൂരിലും ഇരുവിഭാഗത്തെയും ചേര്‍ത്തുനിര്‍ത്തിയാണ് എല്‍.ഡി.എഫ് വിജയം കൊയ്തതെങ്കില്‍ കോടതി വിധി നടപ്പാക്കുന്നതിലെ അമാന്തം ലോക്സഭ തെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ ഒരു പക്ഷത്തിന്റെ അപ്രീതി ക്ഷണിച്ചുവരുത്തി. കൂടുതല്‍ രാഷ്ട്രീയ നഷ്ടമുണ്ടാകും മുന്‍പ് പ്രശ്നം രമ്യമായി പരിഹരിക്കുകയെന്ന വെല്ലുവിളിയാണ് സര്‍ക്കാരിന് മുന്നില്‍. വരാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ അഭിമതരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി തത്കാലം ഓര്‍ത്തഡോക്സ് സഭയെ അനുനയിപ്പിക്കാനുള്ള ആലോചനയും എല്‍.ഡി.എഫില്‍ നടക്കുന്നുണ്ട്.