LiveTV

Live

Kerala

തോമസ് ചാണ്ടിയുടെ വിവാദ ലേക്പാലസ് റിസോര്‍ട്ടിന് നികുതി ഇളവ് അനുവദിച്ച് സര്‍ക്കാര്‍  

അനധികൃത നിർമാണങ്ങൾക്ക് പിഴയും നികുതിയുമായി 1.17 കോടി ഈടാക്കണം എന്ന നഗരസഭാ തീരുമാനമാണ് സർക്കാർ തള്ളിയത്.

തോമസ് ചാണ്ടിയുടെ വിവാദ ലേക്പാലസ് റിസോര്‍ട്ടിന് നികുതി ഇളവ് അനുവദിച്ച് സര്‍ക്കാര്‍  

മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോർട്ടിന്‍റെ നികുതി തർക്കത്തിൽ ആലപ്പുഴ നഗരസഭയുടെ നിർദ്ദേശത്തെ വീണ്ടും തള്ളി സർക്കാർ. അനധികൃത നിർമാണങ്ങൾക്ക് പിഴയും നികുതിയുമായി 1.17 കോടി ഈടാക്കണം എന്ന നഗരസഭാ തീരുമാനമാണ് സർക്കാർ തള്ളിയത്.

34 ലക്ഷം ഈടാക്കി കെട്ടിടം ക്രമവത്കരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. നഗരസഭാ തിരുമാനത്തിൽ അന്തിമ ഉത്തരവിന് കോടതിക്കോ തദ്ദേശ ഭരണ ട്രിബ്യൂണലിനോ മാത്രമേ അധികാരമുളളുവെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലേക്ക് പാലസിന് അനുകൂലമായ സർക്കാരിന്‍റെ മുൻ ഉത്തരവ് നഗരസഭാ കൗൺസിൽ തളളിയത്.

എന്നാൽ കേരള മുനിസിപ്പൽ ആക്ട് 233 പ്രകാരം നഗരസഭയുടെ നികുതി നിർണ്ണയത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി പുതിയ ഉത്തരവിലൂടെ വ്യക്തമാക്കുന്നു. 34 ലക്ഷം രൂപ ഈടാക്കി കെട്ടിടങ്ങൾ ക്രമവൽക്കരിക്കാനുളള അപേക്ഷയിൽ തീരുമാനമെടുക്കണമെന്നും സ്ഥാപനത്തിന്‍റെ ലൈസൻസ് പുതുക്കി നൽകണമെന്നും ഉത്തരവ് നിർദ്ദേശിക്കുന്നു. ഇതിന്മേൽ‌ കൈക്കൊണ്ട നടപടികൾ സർക്കാരിനെ അറിയിക്കുകയും വേണം.

അനധികൃത നിർമ്മിതികൾക്ക് പരമാവധി മൂന്ന് വർഷത്തെ പിഴ മാത്രമേ ഈടാക്കാവു എന്നിരിക്കെ നഗരസഭ 19 വർഷത്തെ പിഴ കണക്കാക്കിയെന്നും അംഗീകരിച്ച പ്ലാനിൽ നിന്നും അധികരിച്ച അളവിലുളള നിർമ്മിതികളിൽ അധികമായവയ്ക്ക് മാത്രം പിഴ ചുമത്താമെന്നിരിക്കെ നിർമ്മിതി മുഴുവൻ അനധികൃതമെന്ന് നഗരസഭ കണക്കാക്കിയെന്നുമായിരുന്നു നഗരകാര്യ റീജ്യണൽ ഡയറക്ടറുടെ കണ്ടെത്തൽ. ഈ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് പുതിയ ഉത്തരവിട്ടിട്ടുളളത്. ലേക്ക് പാലസിനു ആദ്യം 2.76 കോടി പിഴയിട്ട നഗരസഭ പിന്നീടിത് 1.17 കോടിയായി കുറയ്ക്കുകയായിരുന്നു.