LiveTV

Live

Kerala

സഹായ മെത്രാൻമാരെ പുറത്താക്കാനുള്ള തീരുമാനം തന്‍റെ അറിവോടെയല്ലെന്ന് കർദ്ദിനാൾ ആലഞ്ചേരി

സഭയിലെ വിഭാഗീയ പ്രവർത്തനങ്ങൾക്കെരെ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്നും കര്‍ദിനാള്‍ വിശ്വാസികള്‍ക്കായി തയ്യാറാക്കിയ സര്‍ക്കുലറില്‍ പറയുന്നു.

സഹായ മെത്രാൻമാരെ പുറത്താക്കാനുള്ള തീരുമാനം തന്‍റെ അറിവോടെയല്ലെന്ന് കർദ്ദിനാൾ ആലഞ്ചേരി

സിറോ മലബാര്‍ സഭയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിശദീകരണവുമായി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. അഡ്മിനിസ്ട്രേറ്റീവ് പദവി തിരികെ ലഭിച്ചതും സാഹായ മെത്രാന്‍മാരെ പുറത്താക്കിയ നടപടിയും വത്തിക്കാന്‍റെ തീരുമാനപ്രകാരമാണന്ന് ആലഞ്ചേരി വിശദീകരണക്കുറിപ്പില്‍ പറയുന്നു.

നടപടിയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള സര്‍കുലര്‍ എറണാകുളം - അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഞായറാഴ്ച വായിക്കും. അതേ സമയം കര്‍ദിനാള്‍ പുറത്തിറക്കിയ വിശദീകരണക്കുറിപ്പ് പള്ളികളില്‍ വായിക്കില്ലന്ന് വിമത വിഭാഗം വൈദികര്‍ വ്യക്തമാക്കി.

Also read: എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത പക്ഷവുമായി സമവായത്തിനൊരുങ്ങി ആലഞ്ചേരി

എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത പക്ഷം തുറന്ന യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കര്‍ദിനാള്‍ വിവാദങ്ങള്‍ സംബന്ധിച്ച് വിഷദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. സഹായമെത്രാന്മാരെ പുറത്താക്കേണ്ട സാഹചര്യം സംബന്ധിച്ച തീരുമാനവും അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ തന്നെ തിരികെ നിയമിച്ച നപടികളുമടക്കമുള്ള കാര്യങ്ങളാണ് വിശദീകരണ കുറിപ്പില്‍ ആലഞ്ചേരി വ്യക്തമാക്കുന്നത്. സഹായ മെത്രാന്മാരെ പുറത്താക്കിയത് തന്‍റെ അറിവോടെയല്ലെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് വത്തിക്കാനാണ് ഇക്കാര്യങ്ങളില്‍ തീരുമാനം എടുത്തതെന്നും വിഷദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ഭൂമി വില്‍പനയുടെ കാര്യത്തില്‍ അതിരൂപതയുടെ പൊതുനന്മ മാത്രമാണ് ഉദ്യേശിച്ചതെന്നും സഭക്ക് നഷ്ടമുണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കര്‍ദിനാള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങളെ അടിസ്ഥാനമാക്കി ചിലര്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇത്തരക്കാരോട് സഹകരിക്കരുതെന്നും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും വിശദീകണക്കുറിപ്പില്‍ ആലഞ്ചേരി വ്യക്തമാക്കുന്നുണ്ട്.

അതേസമയം കര്‍ദിനാളിനെതിരെയുള്ള നടപടികളുമായി വിമതപക്ഷവും നീക്കങ്ങളാരംഭിച്ചു. വിമത വൈദികരും സഭാ സുതാര്യ സമിതിയും ചേര്‍ന്ന് പുറത്തിറക്കിയ ഏകം എന്ന മുഖമാസികയില്‍ ഭൂമി ഇടപാടിലെ അഴിമതികള്‍ വിശദീകരിച്ചുകൊണ്ടുള്ള ലേഖന പരമ്പര ആരംഭിച്ചാണ് ഇവര്‍ കര്‍ദിനാളിന് മറുപടി നല്‍കുന്നത്. എന്നാല്‍ കര്‍ദിനാള്‍ പുറത്തിറക്കിയ വിഷദീകരണകുറിപ്പ് പള്ളികളില്‍ വായിക്കില്ലെന്നും നേരത്തെ സ്വീകരിച്ച നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് വിമത വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്.