LiveTV

Live

Kerala

ചട്ടം ലംഘിച്ച് സർവീസ് നടത്തിയ  ബസ് പത്താം തവണയും പിടിച്ചെടുത്തു

കോട്ടയം ആസ്ഥാനമായ കൊണ്ടോട്ടി മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബസാണിത്.

ചട്ടം ലംഘിച്ച് സർവീസ് നടത്തിയ  ബസ് പത്താം തവണയും പിടിച്ചെടുത്തു

തിരുവനന്തപുരം - കട്ടപ്പന റൂട്ടിൽ ചട്ടം ലംഘിച്ച് സമാന്തര സർവീസ് നടത്തി വന്ന സ്വകാര്യ ബസ് പത്താം തവണയും പിടിച്ചെടുത്തു. കെ.എസ്.ആർ.ടിസി വിജിലൻസ് വിഭാഗവും മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. കോട്ടയം ആസ്ഥാനമായ കൊണ്ടോട്ടി മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബസാണിത്.

സ്റ്റേജ് കാരിയർ പെർമിറ്റ് ഇല്ലാത്തതിനെ തുടർന്ന് ഈ ബസ് പിടിച്ചെടുക്കുന്നത് പത്താം തവണയാണ്. ടെക്നോപാർക്കിന് സമീപത്ത് വച്ചാണ് ഇത്തവണ ബസ് കസ്റ്റഡിയിലെടുത്തത്. ഈ സമയം 36 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരെ നിശ്ചിത സ്ഥലങ്ങളിൽ ഇറക്കിയ ശേഷം ബസ് തമ്പാനൂർ ആർ.ടി.ഒ ഓഫീസിൽ എത്തിച്ചു.

കട്ടപ്പന റൂട്ടിലേക്ക് സമാന്തര സർവീസ് നടത്തിവന്നതിനാൽ കെ.എസ്.ആർ.ടി.സിക്ക് ഈ റൂട്ടിൽ വലിയ നഷ്ടമാണ് ഉണ്ടായത്. തുടർച്ചയായി നിയമലംഘനം നടത്തുന്ന ബസിന്റെ പെർമിറ്റും ലൈസൻസും റദ്ദാക്കണമെന്ന് കെ.എസ്.ആർ.ടി.സി മോട്ടോർ വെഹിക്കിൾ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തമായി ബോഡി നിർമാണ യൂണിറ്റ് ഉള്ള കമ്പനിയാണിത്. ഇവരിൽ നിന്ന് മുമ്പ് 100 ബസിനുള്ള ബോഡി കെ.എസ്.ആർ.ടി.സി വാങ്ങിയിട്ടുണ്ട്.