LiveTV

Live

Kerala

ജലീലിനെതിരായ ഹരജി പിന്‍വലിച്ചത് സാങ്കേതികമായ നടപടിക്രമം മാത്രം; പോരാട്ടം അവസാനിപ്പിച്ചിട്ടില്ലെന്ന് പി.കെ ഫിറോസ്

ജലീലിനെതിരായ ഹരജി പിന്‍വലിച്ചത് സാങ്കേതികമായ നടപടിക്രമം മാത്രം; പോരാട്ടം അവസാനിപ്പിച്ചിട്ടില്ലെന്ന് പി.കെ ഫിറോസ്

കെ.ടി ജലീലിനെതിരായ ബന്ധുനിയമന ആരോപണത്തില്‍ പോരാട്ടം അവസാനിപ്പിച്ചിട്ടില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. കേസുമായി ബന്ധപ്പെട്ട കേസ് പിന്‍വലിച്ചത് സാങ്കേതിക നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമെന്നും പി.കെ ഫിറോസ് പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രി കെ.ടി ജലീല്‍ ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ബന്ധുവിനെ അനധികൃതമായി ചട്ടങ്ങള്‍ പാലിക്കാതെ നിയമിച്ചെന്നായിരുന്നു പി.കെ ഫിറോസിന്റെ പരാതി. ആരോപണത്തില്‍ കോടതിയെ സമീപിച്ച പി.കെ ഫിറോസിനെ വിജിലന്‍സ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഫിറോസിന്‍റെ പരാതി രാഷ്ട്രീയ പ്രേരിതമല്ലേയെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.

പരാതിയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഗവര്‍ണര്‍ക്കും ഹരജി നല്‍കിയിട്ടുണ്ട്. ഇതില്‍ തീരുമാനമാകുന്നത് വരെ കോടതിയില്‍ നല്‍കിയ ഹരജിയുമായി മുന്നോട്ടുപോകുന്നത് അനുചിതമാണെന്ന നിയമവിദഗ്ധരുടെ അഭിപ്രായം മാനിച്ചാണ് ഹരജി പിന്‍വലിച്ചതെന്നും ഇത് തികച്ചും സാങ്കേതികമായ നടപടിക്രമം മാത്രമാണെന്നും ഫിറോസ് പറഞ്ഞു. സർക്കാർ തീരുമാനം വരുന്ന മുറക്ക് വീണ്ടും കോടതിയെ സമീപിക്കാനുള്ള സാഹചര്യം മുന്നിലുണ്ടെന്നും പഴുതുകളടച്ച് കേസ് മുന്നോട്ടു കൊണ്ടു പോകേണ്ടത് യൂത്ത് ലീഗിന്റെ മാത്രം ആവശ്യമല്ല ലക്ഷോപലക്ഷം ഉദ്യോഗാർത്ഥികളുടെ താൽപര്യം കൂടിയാണെന്നും പി.കെ ഫിറോസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ്

മന്ത്രി കെ.ടി ജലീൽ നടത്തിയ ബന്ധു നിയമനത്തിനെതിരെ വിജിലൻസിനു നൽകിയ പരാതിയിൽ അന്വേഷണം നടത്താത്ത സർക്കാർ തീരുമാനത്തിനെതിരെയാണ് യൂത്ത് ലീഗ് ബഹു. ഹൈക്കോടതിയെ സമീപിച്ചത്. നിയമനം നടത്തിയതുമായി ബന്ധപ്പെട്ട പരാതി ലോകായുക്തയിലും നൽകിയിട്ടുണ്ട്.

ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ, അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം വിജിലൻസ് അന്വേഷണത്തിനായി സർക്കാറിന്റെ അനുമതി തേടിയിരുന്നോ എന്ന് ചോദിച്ചിരുന്നു. യഥാർത്ഥത്തിൽ സർക്കാറിന്റെ തന്നെ ഭാഗമായ ഒരു മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകില്ല എന്ന് ബോധ്യമുള്ളത് കൊണ്ട് അത്തരമൊരു ആവശ്യം യൂത്ത് ലീഗ് ഉന്നയിച്ചിരുന്നില്ല. എന്നാൽ കോടതി ഇത്തരമൊരു സാങ്കേതികത്വം ചൂണ്ടിക്കാട്ടിയ ഉടനെ സെക്ഷൻ 17A പ്രകാരം വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നതിന് സർക്കാറിന്റെ അനുമതി ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്കും ഗവർണർക്കും ഇപ്പോൾ ഹരജി നൽകിയിട്ടുണ്ട്.

ഈ ഹരജിയിൽ തീരുമാനമാകുന്നത് വരെ കോടതിയിൽ ഇപ്പോൾ നൽകിയ ഹരജിയുമായി മുന്നോട്ടു പോകുന്നത് അനുചിതമാണ് എന്ന നിയമ വിദഗ്ദരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ബഹു. ഹൈക്കോടതിയിലുള്ള കേസ് താൽക്കാലികമായി പിൻവലിക്കാൻ തീരുമാനിച്ചത്. ഇത് തികച്ചും സാങ്കേതികമായ നടപടിക്രമം മാത്രമാണ്.

സർക്കാർ തീരുമാനം വരുന്ന മുറക്ക് വീണ്ടും കോടതിയെ സമീപിക്കാനുള്ള സാഹചര്യം നമ്മുടെ മുന്നിലുണ്ട്. പഴുതുകളടച്ച് കേസ് മുന്നോട്ടു കൊണ്ടു പോകേണ്ടത് യൂത്ത് ലീഗിന്റെ ആവശ്യമല്ല ലക്ഷോപലക്ഷം ഉദ്യോഗാർത്ഥികളുടെ താൽപ്പര്യമാണ്. യൂത്ത് ലീഗിന് ഈ കേസിൽ തോൽവിയും ജയവുമില്ല. പക്ഷേ പഠിച്ചിട്ടും പരീക്ഷ പാസായിട്ടും തൊഴില് കിട്ടാതെ പോകുന്ന ചെറുപ്പക്കാരുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. അതിനായി നമ്മളിനിയും മുന്നോട്ടു പോയേ തീരൂ...