LiveTV

Live

Kerala

സഭാതര്‍ക്കം; മധ്യസ്ഥ ചര്‍ച്ചയില്‍ ഓര്‍ത്തഡോക്സ് സഭ പങ്കെടുക്കില്ല

സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തിലാണ് പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭ ഉപസമിതി ഇന്ന് ഉച്ചക്ക് വീണ്ടും ചര്‍ച്ച വിളിച്ചത്.

സഭാതര്‍ക്കം; മധ്യസ്ഥ ചര്‍ച്ചയില്‍ ഓര്‍ത്തഡോക്സ് സഭ പങ്കെടുക്കില്ല

സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇന്ന് വിളിച്ച മധ്യസ്ഥ ചര്‍ച്ചയില്‍ ഓര്‍ത്തഡോക്സ് സഭ പങ്കെടുക്കില്ല. എന്നാല്‍ ഇ.പി ജയരാജന്‍റെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ ഉപസമിതിയെ പ്രത്യേകം കണ്ട് സഭ നിലപാട് വ്യക്തമാക്കും. ഉച്ചയ്ക്കുശേഷം രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ യാക്കോബായ സഭ പങ്കെടുക്കും. വിധി നടപ്പാക്കാനുള്ള സുപ്രീം കോടതിയുടെയും ഓര്‍ത്തഡോക്സ് സഭയുടേയും സമ്മര്‍ദ്ദം ഒരു വശത്ത്. വിധി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നം മറുവശത്ത്. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭ ഉപസമിതി ഇന്ന് ഉച്ചക്ക് വീണ്ടും ചര്‍ച്ച വിളിച്ചത്.

സുപ്രീം കോടതി വിധി നിലനിൽക്കുന്നത് കൊണ്ട് മന്ത്രിസഭ ഉപസമിതിക്ക് പ്രസക്തിയില്ലെന്ന നിലപാടെടുത്ത ഓർത്തഡോക്സ് സഭ പഴ നിലപാടില്‍ കുറച്ച് അയവ് വരുത്തിയിട്ടുണ്ട്. ഇ.പി ജയരാജന്‍ അധ്യക്ഷനായ ഉപസമിതി ഇന്ന് വിളിച്ച സമവായ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെങ്കിലും സമിതിയെ പ്ത്യേകം കണ്ട് നിലപാട് വ്യക്തമാക്കാനാണ് ഓര്‍ത്തഡോക്സ് സഭയുടെ തീരുമാനം. യാക്കോബായ സഭയുമായി ഇനി നേരിട്ട് ചര്‍ച്ചക്കില്ലെന്ന നിലപാടാണ് ഓര്‍ഡോക്സ് സഭയ്ക്കുള്ളത്. സുപ്രീം കോടതി വിധി വേഗത്തില്‍ നടപ്പാക്കണമെന്ന് മന്ത്രിസഭ ഉപസമിതിയോട് നേരിട്ട് ആവശ്യപ്പെടാനാണ് സഭയുടെ തീരുമാനം. അതേസമയം ചര്‍ര്‍ച്ചയില്‍ പങ്കെടുക്കുമെന്നും സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും യാക്കോബായ സഭ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്സ് സഭ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനാല്‍ ഇന്ന് പ്രധാനപ്പെട്ട തീരുമാനമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. ഇപി ജയരാജന്‍ അധ്യക്ഷനായ ഉപസമിതിയില്‍ ഇ.ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് അംഗങ്ങള്‍.