LiveTV

Live

Kerala

നെടുങ്കണ്ടം കൊലപാതകം; തെളിവെടുപ്പ് റിപ്പോര്‍ട്ട് സര്‍ക്കാറിന് കെെമാറുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ടും ഉടന്‍ ഡി.ജി.പിക്ക് കൈമാറും.

നെടുങ്കണ്ടം കൊലപാതകം; തെളിവെടുപ്പ് റിപ്പോര്‍ട്ട് സര്‍ക്കാറിന് കെെമാറുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ തെളിവെടുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്തയാഴ്ച സര്‍ക്കാരിന് കൈമാറുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നിലവിലുള്ള കേസിന് പുറമെ രാജ്കുമാറിന്‍റെ ഭാര്യയുടെ പരാതിയില്‍ പൊലീസിനെതിരെ രണ്ടാമത് കേസ് രജിസ്റ്റര്‍ ചെയ്യും. ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ടും ഉടന്‍ ഡി.ജി.പിക്ക് കൈമാറും.

കസ്റ്റ‍ഡിയില്‍ കൊല്ലപ്പെട്ട റിമാന്‍ഡ് പ്രതി രാജ്കുമാറിനെ പാര്‍പ്പിച്ചിരുന്ന പീരുമേട് സബ് ജയിലിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലുമാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ തെളിവെടുപ്പും പരിശോധനയും നടത്തിയത്. ഇപ്പോള്‍ നിഗമനത്തിലെത്തിയില്ലെങ്കിലും അടുത്തയാഴ്ച തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് ആന്‍റണി ഡൊമിനിക് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി രേഖപ്പെടുത്തിയ വിശദമായ മൊഴികളും രേഖകളും ക്രോഡീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഡി.ജി.പിക്ക് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് കൈമാറും. അതിനാല്‍ കേസില്‍ ഉടന്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കില്ല. എന്നാല്‍ മൂന്നു പേര്‍കൂടി പ്രതിപ്പട്ടികയില്‍ വരുമെന്നാണ് സൂചന.

പ്രതി രാജ്കുമാറിന്‍റെ ഹരിത ഫിനാന്‍സിന്‍റെ സാമ്പത്തിക തട്ടിപ്പിന് ഇരയായവരുടെ മൊഴിയും വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം ശേഖരിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണചുമതലയുള്ള ജസ്റ്റിസ് നാരായണകുറുപ്പ് നാളെ നെടുങ്കണ്ടത്ത് എത്തും.