LiveTV

Live

Kerala

നെടുങ്കണ്ടം; സര്‍ക്കാറിനെതിരെ പ്രസ്താവന നടത്തിയ ജല്ലാ സെക്രട്ടറിക്കെതിരെ സി.പി.ഐ

അനവസരത്തിലുള്ള പരാമര്‍ശമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരിച്ചു.

നെടുങ്കണ്ടം; സര്‍ക്കാറിനെതിരെ പ്രസ്താവന നടത്തിയ ജല്ലാ സെക്രട്ടറിക്കെതിരെ സി.പി.ഐ

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരായി പ്രസ്താവന നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനെതിരെ സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയില്‍ വിമര്‍ശനം. എസ്.പിയെ ആഭ്യന്തര വകുപ്പ് സംരക്ഷിക്കുന്നു എന്നതുള്‍പ്പടെയുള്ള പരാമര്‍ശമങ്ങള്‍ അനുചിതമായിപ്പോയെന്ന് യോഗത്തില്‍ അഭിപ്രായമുണ്ടായി. അതേസമയം, ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാലിനെതിരായ ആരോപണം യോഗം ചര്‍ച്ച ചെയ്തില്ല.

കസ്റ്റഡി മരണത്തില്‍ ഇടതുനയം സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്കായില്ലെന്നും, പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ താല്‍പര്യം നടപ്പാക്കുന്നതിന് പരിധി വേണമെന്നുമായി സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെയാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തില്‍ വിമര്‍ശനമുണ്ടായത്.

കെ.കെ ശിവരാമന്റെ പരാമര്‍ശങ്ങള്‍ പി.പി സുനീറാണ് നിര്‍വാഹക സമിതിയുടെ ശ്രദ്ധയില്‍പെടുത്തിയത്. കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുമ്പോള്‍ ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന അനുചിതമായിരുന്നുവെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. അനവസരത്തിലുള്ള പരാമര്‍ശമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനം ഒഴിവാക്കാമായിരുന്നുവെന്നും കാനം അഭിപ്രായപ്പെട്ടു. അതേസമയം പാര്‍ട്ടി അറിയാതെ ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍ സ്വകാര്യ ആശുപത്രി വാങ്ങിയ സംഭവം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. ഇന്നലെ എം.എന്‍ സ്മാരകത്തിലെത്തി ജി.എസ് ജയലാല്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെങ്കിലും കൊല്ലം ജില്ലാ കൗണ്‍സിലിലെ ചര്‍ച്ചക്കുശേഷം ഇക്കാര്യം പരിഗണിച്ചാല്‍ മതിയെന്നാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.

ഈ മാസം 22ന് ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതിയില്‍ വിഷയം ചര്‍ച്ചയാകും. ജയലാലിന്‍റെ വിശദീകരണവും, കൊല്ലം ജില്ലാ കൗണ്‍സിലിന്റെ അഭിപ്രായവും പരിശോധിച്ചായിരിക്കും അച്ചടക്ക നടപടിയില്‍ അന്തിമ തീരുമാനമെടുക്കുന്നത്.