LiveTV

Live

Kerala

സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടും കേരളാ ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍റെ മില്ലുകള്‍ കനത്ത നഷ്ടത്തില്‍

കോര്‍പ്പറേഷന് കീഴില്‍ വന്‍ അഴിമതി നടക്കുന്നുവെന്നാരോപിച്ച് വിജിലന്‍സ് അന്വേഷണത്തിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഐ.എന്‍.ടി.യു.സി.

സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടും കേരളാ ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍റെ മില്ലുകള്‍ കനത്ത നഷ്ടത്തില്‍

സര്‍ക്കാരില്‍ നിന്ന് കോടികളുടെ സാമ്പത്തിക സഹായം ലഭിച്ചിട്ടും കേരളാ ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന് കീഴിലെ മില്ലുകള്‍ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. കെ.എസ്.ഇ.ബിക്ക് കോടികളുടെ കുടിശികയാണ് മില്ലുകള്‍ നല്‍കാനുള്ളത്. കോര്‍പ്പറേഷന് കീഴില്‍ വന്‍ അഴിമതി നടക്കുന്നുവെന്നാരോപിച്ച് വിജിലന്‍സ് അന്വേഷണത്തിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഐ.എന്‍.ടി.യു.സി.

കേരളാ ടെക്സ്റ്റൈല്‍സ് കോര്‍പ്പറേഷനിലെ പ്രതിസന്ധി മറികടക്കാന്‍ മില്ലുകള്‍ക്ക് പ്രതിവര്‍ഷം സര്‍ക്കാര്‍ നല്‍കുന്നത് കോടികളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം മില്ലുകള്‍ക്ക് നല്‍കിയത് 13.39 കോടി രൂപ. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 128.69 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ കനത്ത നഷ്ടത്തിലാണ് മില്ലുകളുടെ പോക്ക്. മലബാര്‍ സ്പിന്നിംഗ് മില്ലില്‍ മാത്രം ഒമ്പത് വര്‍ഷം കൊണ്ടുണ്ടായത് 64 കോടി രൂപയുടെ നഷ്ടം. കെ.എസ്.ഇ.ബിയില്‍ നല്‍കാനുള്ളത് ആറു കോടി രൂപയിലധികം വരും. എടരിക്കോട്, കോട്ടയം മില്ലുകളില്‍ അസംസ്കൃത വസ്തുക്കളുടെ കുറവ് മൂലം ഉല്‍പ്പാദനം മൂന്നിലൊന്നായി കുറഞ്ഞു. വന്‍ അഴിമതിയാണ് നഷ്ടത്തിന് പിന്നിലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.

തൊഴിലാളികളുടെ വേതന പരിഷ്കരണം നടന്നിട്ട് ഒമ്പത് വര്‍ഷമായി. എന്നാല്‍ ഉന്നത തസ്തികകളിലുള്ളവരുടെ ശമ്പളം ഇതിനിടയില്‍ വര്‍ധിപ്പിച്ചിരുന്നു. കനത്ത നഷ്ടം നേരിടുന്ന കോര്‍പ്പറേഷനില്‍ പുതിയ നിയമനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതക്കെതിരെ നിയമ പോരാട്ടത്തിനൊപ്പം പ്രക്ഷോഭം കൂടി സംഘടിപ്പിക്കാനാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ തീരുമാനം.