LiveTV

Live

Kerala

സംരംഭകര്‍ ആത്മഹത്യ ചെയ്താലേ സ്ഥാപനത്തിന് ലൈസന്‍സ് നല്‍കൂ? ആന്തൂര്‍ നഗരസഭക്ക് എതിരെ മനുഷ്യാവകാശ കമ്മീഷന്‍

വെള്ളിക്കീല്‍ ഇക്കോ ടൂറിസം പാര്‍ക്കിലെ സംരംഭക കെ സുഗിലയുടെ പരാതിയില്‍ കേസെടുത്താണ് കമ്മീഷന്‍ അംഗം പി മോഹനദാസിന്റെ പ്രതികരണം

സംരംഭകര്‍ ആത്മഹത്യ ചെയ്താലേ സ്ഥാപനത്തിന് ലൈസന്‍സ് നല്‍കൂ? ആന്തൂര്‍ നഗരസഭക്ക് എതിരെ മനുഷ്യാവകാശ കമ്മീഷന്‍

ആന്തൂര്‍ നഗരസഭക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംരംഭകര്‍ ആത്മഹത്യ ചെയ്താലേ സ്ഥാപനത്തിന് ലൈസന്‍സ് നല്‍കൂ എന്നതാണോ നഗരസഭയുടെ നിലപാടെന്ന് കമ്മീഷന്‍. വെള്ളിക്കീല്‍ ഇക്കോ ടൂറിസം പാര്‍ക്കിലെ സംരംഭക കെ സുഗിലയുടെ പരാതിയില്‍ കേസെടുത്താണ് കമ്മീഷന്‍ അംഗം പി മോഹനദാസിന്റെ പ്രതികരണം. അതിനിടെ ആന്തൂര്‍ നഗരസഭക്ക് എതിരെയുള്ള പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍.

ആന്തൂര്‍ നഗരസഭ അടച്ചുപൂട്ടിയ വെളളിക്കീല്‍ പാര്‍ക്കിലെ ടൂറിസം സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ലൈസന്‍സും അനുബന്ധ അനുമതികളും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവ സംരംഭകയായ സുഗില മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പരാതിയില്‍ നാലാഴ്ചക്കകം മറുപടി നല്‍കാന്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സന്‍, നഗരസഭ സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. നഗരസഭയുടെ നടപടി മൂലം വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായതായും ഒരാള്‍ ആത്മഹത്യ ചെയ്താലേ പദ്ധതികള്‍ക്ക് അനുമതി നല്‍കൂ എന്ന നിലപാട് ശരിയല്ലെന്നും കമ്മീഷന്‍ അംഗം പി മോഹനദാസ് പറഞ്ഞു. നഗരസഭയുടെ നടപടി മൂലം ഉണ്ടായ നഷ്ടം പരിഹരിച്ച് കിട്ടുന്നതിന് സിവില്‍ കോടതിയെ സമീപിക്കുമെന്ന് സുഗില പറഞ്ഞു.

ആന്തൂരിലെ പ്രവാസി വ്യവസായി അത്മഹത്യ ചെയ്ത കേസും കമ്മീഷന്റെ പരിഗണയിലുണ്ട്. രണ്ടു കേസുകളും അടുത്ത മാസം 13ന് കമ്മീഷന്‍ വീണ്ടും പരിഗണിക്കും. ഇതിനിടെ പ്രവാസി വ്യവസായി അത്മഹത്യ ചെയ്ത സംഭവത്തില്‍ പി.കെ ശ്യാമളയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പദയാത്ര നാളെ ആന്തൂരില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി എന്‍.ആര്‍.ഐ സെല്ലും പ്രവാസി ക്ഷേമ സമിതിയും നാളെ കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.