LiveTV

Live

Kerala

ചെങ്ങോട്ടുമലയില്‍ ഖനനം നടത്തിയാല്‍ ഗുരുതര ആഘാതമുണ്ടാകുമെന്ന് വിദഗ്ധ സമിതി

ഡെല്‍റ്റ ഗ്രൂപ്പിന് പാരിസ്ഥിതിക അനുമതി നല്‍കിയ റിപ്പോര്‍ട്ട് മരവിപ്പിക്കണമെന്നും റാപ്പിഡ് പരിസ്ഥിതി ആഘാത നിര്‍ണയ സമിതി ശുപാര്‍ശ ചെയ്തു.

ചെങ്ങോട്ടുമലയില്‍ ഖനനം നടത്തിയാല്‍ ഗുരുതര  ആഘാതമുണ്ടാകുമെന്ന്  വിദഗ്ധ സമിതി

ചെങ്ങോട്ടുമലയില്‍ കരിങ്കല്‍ ഖനനം നടത്തിയാല്‍ ഗുരുതര പരിസ്ഥിതി ആഘാതമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഡെല്‍റ്റ ഗ്രൂപ്പിന് പാരിസ്ഥിതിക അനുമതി നല്‍കിയ റിപ്പോര്‍ട്ട് മരവിപ്പിക്കണമെന്നും റാപ്പിഡ് പരിസ്ഥിതി ആഘാത നിര്‍ണയ സമിതി ശുപാര്‍ശ ചെയ്തു. ഖനനം തുടങ്ങിയാല്‍ ഉരുള്‍പൊട്ടലുണ്ടാകുമെന്ന ഖനനവിരുദ്ധ സമര സമിതിയുടെ നിലപാടും വിദഗ്ധ സമിതി ശരിവെച്ചിട്ടുണ്ട്.

ഡെല്‍റ്റ ഗ്രൂപ്പിന് ക്വാറി തുടങ്ങാന്‍ അനുമതി നല്‍കിയാല്‍ ഒരു പ്രദേശത്തെ ജൈവ ആവാസ വ്യവസ്ഥയെ പൂര്‍ണ്ണമായും തകിടം മറിക്കുമെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പാറച്ചീളുകള്‍ 650 മീറ്റര്‍ ദൂരത്തില്‍ വരെ തെറിക്കാന്‍ സാധ്യതയുണ്ട്. 300 മീറ്റര്‍ ദൂരത്തില്‍ ജനവാസ കേന്ദ്രമുള്ളതിനാല്‍ അപകടമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഖനനത്തിന് വേണ്ടി മേല്‍മണ്ണ് നീക്കം ചെയ്യുമ്പോള്‍ മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടുമെന്നും അത് ചെങ്ങോട്ടുമലക്ക് ചുറ്റുമുള്ള ക്യഷിയെ ബാധിക്കുമെന്നും പറയുന്നു. വിവിധ സസ്യ ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ് പ്രദേശമെന്നതും എടുത്ത് പറയുന്നുണ്ട്.

മലയില്‍ നിന്നുള്ള നീരുറവയാണ് കുറ്റ്യാടി, കോരപ്പുഴ നിര്‍ത്തടങ്ങളെ സജീവമാക്കി നിലനിര്‍ത്തുന്നതെന്നും ഖനനം ഉണ്ടായാല്‍ നീരുറവകളെ തകര്‍ക്കുമെന്നും കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ് കെ ഇബ്രാഹിമിന്റെ നേത്യത്വത്തിലുള്ള സംഘത്തില്‍ തിരുവനന്തപുരം എന്‍.സി.ഇ.എസ്.എസ് ശാസ്ത്രജ്ഞന്‍ ഡോ സി പത്മലാലടക്കമുള്ള വിദഗ്ധരും വനം വകുപ്പ്, സി.ഡബ്ല്യു.ആര്‍.ഡി.എം, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.