LiveTV

Live

Kerala

കാരുണ്യ ചികിത്സ പദ്ധതിയുടെ സമയപരിധി നീട്ടി

അടുത്ത വർഷം മാർച്ച് 31 വരെയാണ് പദ്ധതിയുടെ സമയപരിധി നീട്ടിയിരിക്കുന്നത്

കാരുണ്യ ചികിത്സ പദ്ധതിയുടെ സമയപരിധി നീട്ടി

കാരുണ്യ ചികിത്സ പദ്ധതിയുടെ സമയപരിധി നീട്ടി സർക്കാർ ഉത്തരവ് പുറത്തിറക്കി. അടുത്ത വർഷം മാർച്ച് 31 വരെയാണ് പദ്ധതിയുടെ സമയപരിധി നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ധനകാര്യമന്ത്രിയും ആരോഗ്യ മന്ത്രിയും ചര്‍ച്ച ചെയ്താണ് ചികിത്സാ സഹായം നീട്ടാനുള്ള തീരുമാനമെടുത്തത്.

നിലവില്‍ കാരുണ്യ ബനവലന്റ് സ്‌കീമില്‍ ചികിത്സയ്ക്ക് അര്‍ഹതയുണ്ടായിരുന്ന മുഴുവൻ പേർക്കും പദ്ധതിയുടെ ആനുകൂല്യം ഉറപ്പാക്കുന്നതാണ് സർക്കാർ ഉത്തരവ്. കാരുണ്യയില്‍ അര്‍ഹതയുള്ള രോഗികള്‍ക്ക് സൗജന്യ ചികിത്സ 2020 മാര്‍ച്ച് 31 വരെ നീട്ടിക്കൊണ്ടാണ് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. കാരുണ്യ ചികിത്സാ ധനസഹായത്തിന് അര്‍ഹതയുള്ളവര്‍ക്കും എന്നാല്‍ ആര്‍.എസ്.ബി.വൈയിലോ പുതിയ കാരുണ്യ ആരോഗ്യ സുരക്ഷ കാര്‍ഡില്ലാത്തവര്‍ക്കും കെ.എ.എസ്.പി. ലിസ്റ്റിലുള്ള ആശുപത്രികളില്‍ കെ.എ.എസ്.പി. പാക്കേജിലും നിരക്കിലും ചികിത്സ ലഭ്യമാക്കും. സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റി മുഖാന്തിരം കെ.എ.എസ്.പി. എംപാനല്‍ഡ് ആശുപത്രികള്‍ക്ക് ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച് നല്‍കുമെന്നും ഉത്തരവിൽ മന്ത്രി വ്യക്തമാക്കി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന ഇൻഷുറന്‍സ് പദ്ധതി വന്നതിനെ തുടര്‍ന്നാണ് കാരുണ്യ പദ്ധതി മരവിപ്പിച്ചത്. ഇതോടെ പല രോഗികളുടെയും സൗജന്യ ചികിത്സ മുടങ്ങി. ഇത് വിവാദമായതോടെയാണ് തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറായത്.