LiveTV

Live

Kerala

ആറന്മുള മിച്ചഭൂമിയിൽ താമസിക്കുന്നവരുടെ പുനരധിവാസം വൈകും

38 കുടുംബങ്ങളാണ് പുനരധിവാസം കാത്ത് ആറന്മുളയിലെ മിച്ചഭൂമിയിൽ താമസിക്കുന്നത്.

ആറന്മുള മിച്ചഭൂമിയിൽ താമസിക്കുന്നവരുടെ പുനരധിവാസം വൈകും

ആറന്മുള മിച്ചഭൂമിയിൽ താമസിക്കുന്നവരുടെ പുനരധിവാസം ഇനിയും വൈകും. വില്ലേജ് തലത്തിലുള്ള പരിശോധന ആരംഭിക്കാത്തതാണ് പുനരധിവാസം നീളാൻ കാരണം. 38 കുടുംബങ്ങളാണ് പുനരധിവാസം കാത്ത് ആറന്മുളയിലെ മിച്ചഭൂമിയിൽ താമസിക്കുന്നത്.

കഴിഞ്ഞ മാസമാണ് മിച്ചഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളുടെ വിവരശേഖരണം റവന്യു വകുപ്പ് നടത്തിയത്. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തവർ, റേഷൻ കാർഡോ മറ്റ് രേഖകളോ ഇല്ലാത്തവർ എന്നിങ്ങനെ തരം തിരിച്ചായിരുന്നു വിവര ശേഖരണം. ഇതുവഴി യഥാർത്ഥ ഭൂരഹിതരെ കണ്ടെത്തുകയാണ് റവന്യു വകുപ്പിന്റെ ലക്ഷ്യം. നേരത്തെ ആറന്മുള വിമാനത്താവള പദ്ധതി ഇല്ലാതായതോടെ തെരഞ്ഞെടുത്ത സ്ഥലം റവന്യു വിഭാഗം മിച്ചഭൂമിയായി പ്രഖ്യാപിച്ച് കണ്ടുകെട്ടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സ്വകാര്യ വ്യക്തിയുമായി കോടതിയിൽ കേസ് നടക്കുന്നതിനാൽ അതിന് സാധിച്ചിട്ടില്ല.

ആറന്മുള മിച്ചഭൂമി കണ്ടുകെട്ടാൻ റവന്യു വിഭാഗത്തിന് കഴിയാത്തതിനാൽ ഇവരിൽ അർഹരായവരെ പുനരധിവസിപ്പിക്കുന്നത് മറ്റ് എവിടെയെങ്കിലുമായിരിക്കും. നിലവിലുള്ള 38 കുടുംബങ്ങളിൽ ഭൂരഹിതരായ കുടുംബങ്ങളെ മാത്രമാകും ജില്ലാ ഭരണകൂടം പുനരധിവസിപ്പിക്കുക.