LiveTV

Live

Kerala

ബല്‍റാം ബഹിഷ്കരണം സി.പി.ഐ അവസാനിപ്പിച്ചു; സി.പി.എം ബഹിഷ്കരണം തുടരും

എം.എല്‍.എയുമായി സഹകരിക്കണമെന്ന സി.പി.ഐ ആവശ്യം സി.പി.എം അംഗീകരിച്ചിട്ടില്ല.

ബല്‍റാം ബഹിഷ്കരണം സി.പി.ഐ അവസാനിപ്പിച്ചു; സി.പി.എം ബഹിഷ്കരണം തുടരും

തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിനെ ബഹിഷ്കരിക്കുന്നതില്‍ നിന്ന് സി.പി.ഐ പിന്‍മാറി. എ.കെ.ജിയെ അധിക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് എല്‍.ഡി.എഫ് പ്രാദേശിക നേതൃത്വം വി.ടി ബല്‍റാമിനെ ഒരു വര്‍ഷമായി ബഹിഷ്കരിക്കുന്നത്. സി.പി.ഐ പിന്മാറിയെങ്കിലും‍ സി.പി.എം ബഹിഷ്കരണം തുടരും.

കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജി ബാല പീഡകനായിരുന്നുവെന്നാണ് വി.ടി ബല്‍റാം എം.എല്‍.എ ഒരു വര്‍ഷം മുന്‍പ് ഫേസ് ബുക്കില്‍ കുറിച്ചത്. വി.ടി ബല്‍റാമിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. വി.ടി ബല്‍റാമിന്‍റെ മുഴുവന്‍ പരിപാടികളും ബഹിഷ്കരിക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. നിലവില്‍ എം.എല്‍.എയുമായി സി.പി.ഐ പ്രാദേശിക നേതാക്കള്‍ സൌഹൃദം പുതുക്കി. എം.എല്‍.എ ബഹിഷ്കരണം അവസാനിപ്പിച്ച് പൊതുവിഷയങ്ങളില്‍ സഹകരിക്കാന്‍ സി.പി.ഐ തീരുമാനിച്ചു.

ഈ മാസം 14ന് റവന്യൂ മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ എം.എല്‍.എയുമായി പ്രാദേശിക സി.പി.ഐ നേതാക്കള്‍ വേദി പങ്കിടും. എല്‍.ഡി.എഫ് ബഹിഷ്കരണം മൂലം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ തടസപെട്ടതായി നേരത്ത വി.ടി ബല്‍റാം പറഞ്ഞിരുന്നു. എം.എല്‍.എയുമായി സഹകരിക്കണമെന്ന സി.പി.ഐ ആവശ്യം സി.പി.എം അംഗീകരിച്ചിട്ടില്ല. വി.ടി ബല്‍റാമുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിനുള്ളിലെ ഭിന്നത വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകാനാണ് സാധ്യത.