LiveTV

Live

Kerala

വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്; സര്‍ക്കാര്‍ അഗതി മന്ദിരങ്ങളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി

ചില്‍ഡ്രന്‍സ് ഹോമുകളിലാണ് ഏറ്റവുമധികം ക്രമക്കേടുകള്‍ കണ്ടെത്തിയത്.

വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്; സര്‍ക്കാര്‍ അഗതി മന്ദിരങ്ങളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി

സര്‍ക്കാര്‍ അഗതി മന്ദിരങ്ങളില്‍ വിജിലന്‍സ് നടത്തിയ ഓപ്പറേഷന്‍ സുരക്ഷ എന്ന മിന്നല്‍ റെയിഡില്‍ വ്യാപകക്രമക്കേട് കണ്ടെത്തി. ഡോണേഷന്‍ വെട്ടിക്കുന്നതായും പുഴുവരിച്ച ഭക്ഷണം നല്‍കുന്നതായും വിജിലന്‍സ് കണ്ടെത്തി. ചില്‍ഡ്രന്‍സ് ഹോമുകളില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്‍റെ നഗ്നമായ ലംഘനം നടക്കുന്നതായാണ് വിജിലന്‍സിന്‍റെ വിലയിരുത്തല്‍.

ചില്‍ഡ്രന്‍സ് ഹോമുകളിലാണ് ഏറ്റവുമധികം ക്രമക്കേടുകള്‍ കണ്ടെത്തിയത്. പഴകിയ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കുന്നു, പുഴുവരിച്ച ഭക്ഷണ ധാന്യങ്ങള്‍ ഉപയോഗിക്കുന്നു, വ‍ൃത്തിഹീനമായ സാഹചര്യത്തില്‍ പാര്‍പ്പിക്കുന്നു, കുട്ടികളെ കൊണ്ട് മൂത്രപ്പുര വരെ കഴുകിക്കുന്നു, ഡൊണേഷന്‍ വെട്ടിക്കുന്നു കെയര്‍ടേക്കര്‍മാര്‍ പോലും ജോലിക്കെത്തുന്നില്ല എന്നിവയാണ് പ്രധാനക്രമക്കേട്.

കണ്ണൂര്‍ തലശേരിയിലെ ഒബ്സര്‍വേഷന്‍ ഹോം, കോട്ടയം തിരുവഞ്ചൂരിലെ ബാലസദനം, പൂജപ്പുര, പത്തനംതിട്ടയിലെ വയലത്തല, മലപ്പുറം തലഞ്ഞൂര്‍, കോഴിക്കോട് വെളിമണ്‍കുന്ന്, വയനാട് കണിയാംപറ്റ, കാസര്‍കോട് പരുവനടക്കം എന്നിവിടങ്ങളിലെ ബാലസദനങ്ങളിലാണ് ക്രമക്കേട്. ഇതുകൂടാതെ പല മഹിളാ മന്ദിരങ്ങളിലും മാനേജ്മെന്‍റ് കമ്മിറ്റി കൂടുന്നില്ലെന്നും വ്യക്തമായി.

ആലപ്പുഴ ജില്ലയിലെ മായിത്തറ വൃദ്ധസദനത്തില്‍ മൂന്ന് വര്‍ഷം മുമ്പ് മരിച്ച വ്യക്തിയുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ വരെ ജീവനക്കാരുടെ പക്കലാണ്. വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ വിലപിടിപ്പുള്ള വസ്തുവകകള്‍ സൂക്ഷിക്കുന്നതില്‍ കണക്കുകള്‍ സൂക്ഷിക്കുന്നില്ലെന്നും വിജിലന്‍സിന് വൃക്തമായി. നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. വിജിലന്‍സ് മേധാവി അനില്‍കാന്തിന്‍റെ നിര്‍ദ്ദേശപ്രകാരം ഐ.ജി വെങ്കിടേഷാണ് റെയിഡിന് നേതൃത്വം നല്‍കിയത്.