LiveTV

Live

Kerala

കെ.പി.സി.സി പുനസംഘനക്കായി തിരക്കിട്ട ചര്‍ച്ചകള്‍; ഭാരവാഹികളുടെ എണ്ണം കുറക്കും

ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 20ല്‍ താഴെയും സെക്രട്ടറിമാരുടെ എണ്ണം 25ല്‍ താഴെയാക്കാനുമാണ് ധാരണ.

കെ.പി.സി.സി പുനസംഘനക്കായി തിരക്കിട്ട ചര്‍ച്ചകള്‍; ഭാരവാഹികളുടെ എണ്ണം കുറക്കും

കെ.പി.സി.സി പുനസംഘനക്കായി കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍. പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങളുമായി കെ.പി.സി.സി പ്രസിഡന്‍റ് ചര്‍ച്ചകള്‍ നടത്തി. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 20ല്‍ താഴെയും സെക്രട്ടറിമാരുടെ എണ്ണം 25ല്‍ താഴെയാക്കാനുമാണ് ധാരണ. ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡം കൊണ്ടുവരുന്നതിലും ധാരണയായില്ല.

ഈ മാസം 31ന് മുന്‍പായി കെ.പി.സി.സി പുനസംഘടന നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ, ഐ ഗ്രൂപ്പുമായും മറ്റു നേതാക്കളുമായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചര്‍ച്ച നടത്തിയത്. എ ഗ്രൂപ്പ് പ്രത്യേകം യോഗം ചേര്‍ന്ന് ഗ്രൂപ്പിന്‍റെ പ്രാതിനിധ്യം ഉറപ്പുവരുത്താനായി ചര്‍ച്ചകള്‍ നടത്തി.

ഭാരവാഹികളുടെ എണ്ണം പൊതുവെ കുറക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 20ല്‍ താഴെയാക്കാനാണ് ധാരണ. ജനറല്‍ സെക്രട്ടറിമാര്‍ പി.സി.സി അംഗങ്ങളില്‍ നിന്ന് മാത്രമായിരിക്കും. സെക്രട്ടറിമാരുടെ എണ്ണം 25 വരെ ആകാം. ഇതില്‍ 50 ശതമാനം യുവാക്കള്‍ക്ക് നല്‍കണമെന്നും ആലോചിക്കുന്നു. വനിത, പട്ടികജാതി, പട്ടികവര്‍ഗ പ്രാതിനിധ്യവും ഉറപ്പുവരുത്തും.

എം.ഐ ഷാനവാസ് മരണപ്പെട്ട ഒരു ഒഴിവ് വര്‍ക്കിങ് പ്രസിഡന്‍റുമാരിലുണ്ട്. ഒരാള്‍ക്ക് ഒറ്റപദവി എന്നത് പാലിക്കണമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍റെയും ഉമ്മന്‍ചാണ്ടിയുടെയും നിലപാട്. എം.എല്‍.എമാരുടെ സമ്മര്‍ദം ഉള്ളതിനാല്‍ രമേശ് ചെന്നിത്തല അവസാന വാക്ക് പറഞ്ഞിട്ടില്ല. അതില്‍ തീരുമാനമായാല്‍ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കും പകരക്കാര്‍ വരും.

നിലവിലെ ജനറല്‍ സെക്രട്ടിമാരില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയേക്കും. ഭാരവാഹികള്‍ ഉള്‍പ്പെടെ നിര്‍വാഹക സമിതിയുടെ എണ്ണം 95ല്‍ പരിമിതപ്പെടുത്തമെന്നും നേതാക്കള്‍ പറയുന്നുണ്ട്. ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച് ഈ മാസം 30ന് മുന്‍പായി ഭാരവാഹി പട്ടിക പുറത്തിറക്കാനാണ് കെ.പി.സി.സി നേതൃത്വം ആലോചിക്കുന്നത്.