LiveTV

Live

Kerala

ആന്തൂര്‍: സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി

ആന്തൂര്‍ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്.

ആന്തൂര്‍: സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി. കണ്‍വെന്‍ഷന്‍ സെന്ററിന് സമീപമുള്ള വാട്ടര്‍ടാങ്ക് ആറ് മാസത്തിനകം പൊളിച്ച് നീക്കണമെന്ന ഉപാധിയോടെയാണ് ബൈക്കളത്തെ കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി നല്‍കിയത്.

ആന്തൂര്‍ നഗരസഭ കണ്ടെത്തിയ ആറ് ചട്ടലംഘനങ്ങളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം പരിഹരിച്ചതിനെ തുടര്‍ന്നാണ് കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഓഡിറ്റോറിയത്തിന് സമീപം നിര്‍മിച്ച വാട്ടര്‍ടാങ്ക് ആറ് മാസത്തിനകം പൊളിച്ചുമാറ്റാമെന്ന ഉപാധിയോടെയാണ് അനുമതി. ബാല്‍ക്കണിയുടെ വലിപ്പം കുറക്കുക, റാമ്പിന്റെ ചെരിവ് ക്രമപ്പെടുത്തുക, കൂടുതല്‍ ടോയ്ലറ്റുകളും വാഷ്ബേസിനുകളും നിര്‍മിക്കുക എന്നിവയായിരുന്നു മറ്റ് നിര്‍ദേശങ്ങള്‍.

ഇതിനിടെ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയില്‍ നിന്ന് അന്വേഷണസംഘം ഇന്ന് മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്തൂര്‍ നഗരസഭാ ഓഫീസിലെത്തി മൊഴിയെടുത്തത്. സസ്പെന്‍ഷനിലുള്ള ആന്തൂര്‍ നഗരസഭാ സെക്രട്ടറിയടക്കമുള്ള നാല് പേരുടെ മൊഴി നേരത്തെ തന്നെ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.

പി.കെ ശ്യാമളയുടെ പീഡനവും പ്രേരണയുമാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നും സാജന്റെ ഭാര്യ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പി.കെ ശ്യാമളക്ക് വീഴ്ചപറ്റിയിട്ടില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ കണ്ടെത്തല്‍.