LiveTV

Live

Kerala

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടന്ന് മുസ്ലീംലീഗ്

എം.സി ഖമറുദ്ദീന്‍, എ.കെ.എം അഷ്റഫ്, കല്ലട്ര മാഹീന്‍ഹാജി എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടന്ന് മുസ്ലീംലീഗ്

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടന്ന് മുസ്ലീംലീഗ് . എം.സി ഖമറുദ്ദീന്‍, എ.കെ.എം അഷ്റഫ്, കല്ലട്ര മാഹീന്‍ഹാജി എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. മഞ്ചേശ്വരത്തെ യു.ഡി.എ.ഫിന്‍റെ സാധ്യതകളും,ആശങ്കകളും ഇന്നലെ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷയിലാണ് മുസ്ലീംലീഗ്. ഈ മാസം അവസാനത്തോടെ പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ തുടങ്ങും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് വേണ്ടി പ്രത്യേക ടീമിനെ നിയോഗിക്കാനാണ് തീരുമാനം. സ്ഥാനാര്‍ത്ഥി ചര്‍ച്ച‌കളിലേക്കും ലീഗ് കടന്നിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എംസി കമറുദ്ദീനാണ് കൂടുതല്‍ സാധ്യത.

മണ്ഡലത്തിന് പുറത്തുള്ളയാളെന്നത് മാത്രമാണ് തിരിച്ചടി. മണ്ഡലത്തില്‍ നിന്നുള്ളയാള്‍ തന്നെ സ്ഥാനാര്‍ത്ഥിയാവണമെന്ന വികാരത്തിലാണ് മഞ്ചേശ്വരത്തെ പ്രവര്‍ത്തകര്‍.അങ്ങനെയെങ്കില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ.എം അഷ്റഫിന് നറുക്ക് വീഴും. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ യൂത്ത്‌ലീഗും അഷ്റഫിന് വേണ്ടി വാദിക്കുന്നുണ്ട്. ഉയരുന്ന മറ്റൊരു പേര് കാസര്‍ഗോഡ് ജില്ലാ ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയുടേതാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ അനകൂല സാഹചര്യം ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് ഇന്നലെ ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അറിയിച്ചത്.