LiveTV

Live

Kerala

കാരുണ്യ ചികിത്സാ സഹായ പദ്ധതിയുടെ സമയപരിധി നീട്ടി

കാരുണ്യ പദ്ധതിയില്‍ നിലവിലുള്ളവര്‍ക്ക് ചികിത്സാ സഹായം ഈ വര്‍ഷം മുഴുവന്‍ ലഭിക്കും.

കാരുണ്യ ചികിത്സാ സഹായ പദ്ധതിയുടെ സമയപരിധി നീട്ടി

കാരുണ്യ പദ്ധതിയില്‍ നിലവിലുള്ളവര്‍ക്ക് ചികിത്സാ സഹായം ഈ വര്‍ഷം മുഴുവന്‍ ലഭിക്കും. ഇതുസംബന്ധിച്ച് ധനവകുപ്പും ആരോഗ്യവകുപ്പും ധാരണയിലെത്തി. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഉടന്‍ ഇറക്കും. ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ ചികിത്സാ പദ്ധതി ജൂണ്‍ മുപ്പതിനാണ് അവസാനിച്ചത്. ഇതോടെ നിരവധി രോഗികള്‍ ദുരിതത്തിലായി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കാളിത്തമുള്ള പുതിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇരുപത്തിയഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമേ നിലവില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കിയിട്ടുള്ളൂ. നാല്‍പ്പത്തിയൊന്ന് ലക്ഷം പേരെ അംഗങ്ങളാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് കാലതാമസമെടുക്കും. കിടത്തി ചികിത്സക്ക് മാത്രമേ സഹായം ലഭിക്കൂ എന്നതിനാല്‍ തുടര്‍ ചികിത്സക്കെത്തുന്നവരും ഒ.പി രോഗികളുമാണ് ബുദ്ധിമുട്ടിലായത്.

ഇതു സംബന്ധിച്ച് നിരവധി പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെയാണ് ചികിത്സാ സഹായം ഈ വര്‍ഷം മുഴുവന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ശ്രീചിത്ര ഇന്‍സി്റ്റ്യൂട്ട്, ആര്‍.സി.സി അടക്കമുള്ള കാന്‍സര്‍ സെന്‍ററിലെ രോഗികള്‍ക്കും പുതിയ പദ്ധതി പ്രകാരം സഹായം ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്ന രീതിയിലാകും സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക.

മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്കും ചികിത്സാസഹായം ഉറപ്പാക്കും. ചുരുക്കത്തില്‍ കാരുണ്യ ബനവലന്‍റ് ഫണ്ടിലൂടെ ലഭിച്ചിരുന്ന സഹായം തുടര്‍ന്നും മുടങ്ങാതെ ലഭിക്കുന്നതിനുള്ള നടപടികള്‍ ഉറപ്പാക്കുന്ന രീതിയിലാകും ഉത്തരവിറങ്ങുക. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പും ധനവകുപ്പും ധാരണയിലെത്തിയിട്ടുണ്ട്.