LiveTV

Live

Kerala

എസ്.ആര്‍ മെഡിക്കല്‍ കോളജിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്; പ്രിന്‍സിപ്പല്‍ മറ്റൊരു ആശുപത്രിയിലും ജോലി ചെയ്യുന്നു

സ്വാശ്രയ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ മറ്റൊരു സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നത് ചട്ടവിരുദ്ധമാണ്.

എസ്.ആര്‍ മെഡിക്കല്‍ കോളജിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്; പ്രിന്‍സിപ്പല്‍ മറ്റൊരു ആശുപത്രിയിലും ജോലി ചെയ്യുന്നു

മെഡിക്കല്‍ കൌണ്‍സില്‍ പരിശോധനക്കായി തട്ടിപ്പ് നടത്തിയ എസ്.ആര്‍ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ മറ്റൊരു ആശുപത്രിയിലും ജോലിചെയ്യുന്നു. പ്രിന്‍സിപ്പല്‍ ഡോ കെ.ഇ രാജന്‍ വര്‍ക്കലയിലെ മറ്റൊരു ആശുപത്രിയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ മറ്റൊരു സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നത് ചട്ടവിരുദ്ധമാണ്. മീഡിയവണ്‍ എക്സ്ക്ലൂസീവ്

വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ് വെബ്‍സൈറ്റിലടക്കം പ്രിന്‍സപ്പലായി കാണിച്ചിരിക്കുന്നത് കെ.ഇ രാജനെ തന്നെയാണ്. എന്നാല്‍ കോളജിലെ പ്രവര്‍ത്തനം അവതാളത്തിലായ ശേഷം പ്രിന്‍സിപ്പല്‍ പലപ്പോഴും കോളജില്‍ ഉണ്ടാകാറില്ലെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. മെഡിക്കല്‍ കോളജിലില്ലാത്ത കെ.ഇ രാജന്‍ പക്ഷെ വര്‍ക്കലയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വര്‍ക്കലയിലെ സ്റ്റാവിയ ലൈഫ് കെയര്‍ എന്ന ആശുപത്രിയില്‍ പല്‍മോനോളജിസ്റ്റായാണ് പ്രവര്‍ത്തനം. എസ്.യു.ടി മെഡിക്കല്‍ കോളജിന്‍റെ അര്‍ബന്‍ സെന്‍ററാണ് സ്റ്റാവിയ ലൈഫ് കെയര്‍. ഒരു മെഡിക്കല്‍ കോളജിന്‍റെ പ്രിന്‍സിപ്പല്‍ ആ സ്ഥാപനത്തില്‍ മുഴുവന്‍ സമയം സേവനം അനുഷ്ഠിക്കണമെന്നതാണ് മെഡിക്കല്‍ കൌണ്‍സിലിന്‍റെ ചട്ടം. ഇതിന് വിരുദ്ധമാണ് എസ്.ആര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്‍റെ പ്രവര്‍ത്തനം.

എസ്.ആര്‍ മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനം അവതാളത്തിലായതാണ് പ്രിന്‍സിപ്പലിന് മറ്റൊരു ആശുപത്രിയെ ആശ്രയിക്കേണ്ടി വന്നതെന്നാണ് വിവരം. ഇപ്പോള്‍ കോളജുമായി ബന്ധമില്ലെന്ന് പറ‍ഞ്ഞ ഡോ കെ.ഇ രാജന്‍ കൂടുതല്‍ പ്രതികരണത്തിന് തയ്യാറായില്ല. വാടകയ്ക്ക് രോഗികളെ ഇറക്കിയ ആശുപത്രിയിലെ പ്രിന്‍സിപ്പലും വാടകയ്ക്കായിരുന്നോ എന്നാണ് ഇപ്പോള്‍ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ചോദിക്കുന്നത്.

Also read: അംഗീകാരത്തിന് രോഗികളെ വാടകക്കെടുത്തു; വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ വന്‍ തട്ടിപ്പ്