LiveTV

Live

Kerala

കുട്ടികള്‍ക്കെതിരെ ലൈംഗിക പീഡനം; വൈദികന്‍ പൊലീസ് പിടിയില്‍

മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു 

 കുട്ടികള്‍ക്കെതിരെ ലൈംഗിക പീഡനം;  വൈദികന്‍ പൊലീസ് പിടിയില്‍

കൊച്ചിയിൽ വിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ വൈദികൻ അറസ്റ്റിൽ. പള്ളുരുത്തി , പെരുമ്പടപ്പിൽ പ്രവർത്തിക്കുന്ന ബോയ്സ് ഹോമിന്റെ ഡയറക്ടർ ഫാ. ജോർജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ റിമാന്റ് ചെയ്തു.

ഒരു വർഷത്തോളമായി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് കാട്ടി ഏഴ് കുട്ടികളുടെ രക്ഷിതാക്കളാണ് ഫാ: ജോർജിനെതിരെ പൊലീസിൽ പരാതി നൽകിയത്. വൈദികൻ വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി കുട്ടികൾ ബാല ഭവനിൽ നിന്നും പുറത്ത് ചാടി നാട്ടുകാരോട് കാര്യം പറയുകയും നാട്ടുകാർ രക്ഷിതാക്കളെ വിളിച്ച് വരുത്തുകയുമായിരുന്നു. ഇന്നലെ രാത്രിയോടെ തന്നെ പള്ളുരുത്തി പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് രാവിലെയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

വൈദികനെതിരെ ഏഴ് കുട്ടികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബാലഭവന്റെ ഡയറക്ടർ കൂടിയായ ഫാദർ ജോർജിനെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ബാല ഭവനിലെ മറ്റൊരു ജീവനക്കാരനും കുട്ടികളെ ഉപദ്രവിച്ചിരുന്നതായി ആരോപണമുണ്ടന്നും കൂടുതൽ കുട്ടികൾ വൈദികന്റെ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. അതേ സമയം ഫാ. ജോർജിനെ സംരക്ഷിക്കില്ലെന്ന് മഞ്ഞുമ്മൽ കർമ്മലീത്ത പ്രോവിൻസ് അറിയിച്ചു. ഇയാൾക്കെതിരെ കാനോനിക നിയമം അനുസരിച്ച് അന്വേഷണം ആരംഭിച്ചുവെന്നും വിവരങ്ങൾ പ്രത്യേക സമതിക്ക് കൈമാറിയെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്.