LiveTV

Live

Kerala

സബ്സിഡി മണ്ണെണ്ണയുടെ അളവ്  കുറഞ്ഞു; മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

തീവില നല്‍കി മണ്ണെണ്ണ വാങ്ങി കടലിലിറങ്ങിയാലും മത്സ്യം ലഭിക്കാത്തതു മൂലം കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികള്‍ നേരിടുന്നത്.

സബ്സിഡി  മണ്ണെണ്ണയുടെ അളവ്  കുറഞ്ഞു; മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

സബ്സിഡി നിരക്കില്‍ ലഭിക്കുന്ന മണ്ണെണ്ണയുടെ അളവ് നാമമാത്രമായതോടെ മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍. തീവില നല്‍കി മണ്ണെണ്ണ വാങ്ങി കടലിലിറങ്ങിയാലും മത്സ്യം ലഭിക്കാത്തതു മൂലം കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികള്‍ നേരിടുന്നത്. മത്സ്യ ഫെഡ് മുഖേന ലഭിക്കുന്ന മണ്ണെണ്ണയുടെ സബ്സിഡി തുകയും കുടിശികയാണ്.

കാറ്റും മഴയും അതിജീവിച്ചാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോകുന്നത്. പക്ഷേ മടങ്ങി വരവാകട്ടെ പലപ്പോഴും വെറും കയ്യോടെ. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം ക്രമേണ വെട്ടിക്കുറച്ചതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് മത്സ്യത്തൊഴിലാളികള്‍ കടന്നു പോകുന്നത്. ദിനം പ്രതി ഒരു വള്ളത്തിന് 100 ലിറ്ററിലധികം മണ്ണെണ്ണ ആവശ്യമാണെന്നായിരിക്കെ പ്രതിമാസം സബ്സിഡിയോടെ ലഭിക്കുന്നത് 62 ലിറ്ററോളം മണ്ണെണ്ണ മാത്രം. 20 മുതല്‍ 25 രൂപക്ക് വരെ ലഭിക്കേണ്ട മണ്ണെണ്ണ കരിഞ്ചന്തയില്‍ ലിറ്ററിന് 62 രൂപ മുതല്‍ 80 രൂപ വരെ മുടക്കിയാണ് മത്സ്യത്തൊഴിലാളികള്‍ വാങ്ങുന്നത്.

മത്സ്യ ഫെഡ് മുഖേന വാങ്ങുന്ന മണ്ണെണ്ണയുടെ സബ്സിഡിയും മാസങ്ങളായി കുടിശികയാണ്. ഇതിനു പുറമേ വലിയ വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് അഞ്ചിരട്ടിയിലധികം വര്‍ധിപ്പിച്ചതും ഇരുട്ടടിയായി. മത്സ്യ മേഖലക്ക് മാത്രമായി നേരിട്ട് പ്രത്യേക മണ്ണെണ്ണ വിഹിതം അനുവദിക്കാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത പട്ടിണിയിലേക്ക് പോകുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.