LiveTV

Live

Kerala

ആലപ്പുഴയിലെ തോല്‍വി; ബ്ലോക്ക് കമ്മിറ്റികള്‍ക്കെതിരെ നടപടിയെടുത്തതിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം

ഡി.സി.സി പ്രസിഡന്റ് എം.ലിജു അടക്കമുള്ളവരെ രക്ഷിക്കാനാണ് താഴെത്തട്ടിലുള്ളവര്‍ക്കെതിരെ നടപടിയെടുത്തത് എന്നാണ് പരാതി

 ആലപ്പുഴയിലെ തോല്‍വി; ബ്ലോക്ക് കമ്മിറ്റികള്‍ക്കെതിരെ നടപടിയെടുത്തതിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം

ആലപ്പുഴയിലെ തോല്‍വിയുടെ പേരില്‍ നാല് ബ്ലോക്ക് കമ്മിറ്റികള്‍ക്കെതിരെ മാത്രം നടപടിയെടുത്തതിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. ഡി.സി.സി പ്രസിഡന്റ് എം.ലിജു അടക്കമുള്ളവരെ രക്ഷിക്കാനാണ് താഴെത്തട്ടിലുള്ളവര്‍ക്കെതിരെ നടപടിയെടുത്തത് എന്നാണ് പരാതി. നടപടിക്ക് വിധേയരായവര്‍ കെ പി സി സി പ്രസിഡന്റിനെ വസ്തുതകൾ ധരിപ്പിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 19 സീറ്റില്‍ വിജയിച്ച യു.ഡി.എഫ് പരാജയപ്പെട്ട ഏക സീറ്റാണ് ആലപ്പുഴ. ഷാനിമോൾ ഉസ്മാന്റെ പരാജയത്തിന്റെ മുഖ്യ കാരണമായി കെ.വി തോമസ് കമ്മീഷൻ കണ്ടെത്തിയത് സംഘടനാ ദൗർബല്യവും ഏകോപനത്തിലെ പാളിച്ചയും. ഡി.സി.സി പ്രസിഡന്റ് എം.ലിജു അടക്കമുള്ള ജില്ലാ നേതൃത്വത്തെ പൂര്‍ണമായി പ്രതിക്കൂട്ടില്‍നിര്‍ത്തുന്നതാണ് റിപ്പോര്‍ട്ട്. എന്നാല്‍ നടപടിയെടുത്തത് നാല് ബ്ലോക് കമ്മിറ്റികള്‍തിരെ മാത്രം. വയലാർ,ചേർത്തല, കായംകുളം നോർത്ത്, കായംകുളം സൗത്ത് ബ്ലോക്ക് കമ്മറ്റികൾ പരിച്ചുവിടാനായിരുന്നു കെ.പി.സി.സിയുടെ തീരുമാനം . എന്നാൽ ഈ ബ്ലോക്ക് കമ്മറ്റിയുടെ ചുമതല ഉണ്ടായിരുന്ന ഡി.സി.സി, പി.സി.സി അംഗങ്ങളും മുൻ എം.എൽ.എമാരുമായ നേതാക്കൾക്കെതിരെ റിപ്പോർട്ടി പരാമർശം പോലും ഇല്ല. ഇതിനെതിരെയാണ് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നത്.

ഏകോപനത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഡി.സി.സി പ്രസിഡന്റ് എം. ലിജുവിനായിരിക്കെ പരാജയത്തിന്റെ ഉത്തരവാദിത്തം താഴെ തട്ടിൽ കെട്ടിവെച്ച് ലിജു അടക്കം ആരോപണ വിധേയരായ നേതാക്കളെ രക്ഷപ്പെടുത്തി എന്നാണ് പരാതി. ജില്ലാ നേതൃത്വത്തിനെതിരെ പരാതി ഉയർന്നിട്ടും നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല.

തന്റെ പരാജയത്തില്‍ ഡി.സി.സി നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്‍മാന്‍ തന്നെ പരാതിപ്പെട്ടതാണ്. നടപടിക്ക് വിധേയരായ ബ്ലോക്ക്ഭാരവാഹികള്‍ കെ.പി.സി.സി പ്രസിഡന്റിനോട് നേരിട്ട് പരാതിപ്പെട്ടു. എന്നാല്‍ വസ്തുതകള്‍ പ്രസിഡന്റിന്റെ ശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് ചെയ്തത് എന്നാണ് നടപടിക്ക് വിധേയരായവരുടെ വിശദീകരണം.