LiveTV

Live

Kerala

കർദ്ദിനാളിനെതിരായ വിമത വിഭാഗത്തിന്റെ നീക്കങ്ങൾ തടയാനൊരുങ്ങി സഭ

പള്ളികളുടെ ഭരണവും സംഘടനകളുടെ പ്രവർത്തനങ്ങളും കർശന നിരീക്ഷണത്തിലാക്കാൻ ഇന്നലെ ചേർന്ന സിനഡിൽ തീരുമാനമായി 

 കർദ്ദിനാളിനെതിരായ വിമത വിഭാഗത്തിന്റെ നീക്കങ്ങൾ തടയാനൊരുങ്ങി സഭ

കർദ്ദിനാളിനെതിരായ വിമത വിഭാഗത്തിന്റെ നീക്കങ്ങൾ തടയാനൊരുങ്ങി സിറോ മലബാർ സഭ. പള്ളികളുടെ ഭരണവും സംഘടനകളുടെ പ്രവർത്തനങ്ങളും കർശന നിരീക്ഷണത്തിലാക്കാൻ ഇന്നലെ ചേർന്ന സിനഡിൽ തീരുമാനമായി. സഭയിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് സഭാ നേതൃത്വം ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരായ ഒരുവിഭാഗം വൈദികരുടെ നീക്കം ശക്തിപ്പെട്ട സാഹചര്യത്തിൽ ഇന്നലെ ചേർന്ന സിനഡാണ് സഭയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് തീരുമാനങ്ങൾ എടുത്തത് .കർദ്ദിനാളിനെതിരായ പ്രമേയം പള്ളികളിൽ വായിച്ച് അംഗീകാരം നേടിയെടുക്കാനുള്ള വൈദികരുടെ ശ്രമത്തെ എങ്ങനെ പ്രതിരോധിക്കാം എന്നത് തന്നെയായിരുന്നു സിനഡിലെ പ്രധാന ചർച്ചാ വിഷയമായത്. ഒരു കാരണവശാലും പ്രമേയം വായിക്കാൻ അനുവദിക്കരുതെന്നാണ് സിനഡ് യോഗത്തിനു ശേഷം വികാരി ജനറൽ ജോസ് പുതിയ വീടനെയും സഭാ നേതൃത്വത്തെയും കുരിയ അംഗങ്ങളെയും വിളിച്ചു വരുത്തി തീരുമാനങ്ങൾ അറിയിച്ചത്.

ഫെറോന വികാരിമാരെയും അൽമായരെയും ഇത് സംബന്ധിച്ച് ഇന്ന് വിളിച്ചു വരുത്തി തീരുമാനങ്ങൾ അറിയിക്കും. വിരുദ്ധമായി സംഭവിച്ചാൽ നടപടിയുണ്ടാകുമെന്നാണ് സൂചന. വൈദികർക്കെതിരെ നേരിട്ട് നടപടിയെടുക്കാതെ അതിരൂപതയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല എന്ന പേരിലാകും ശിക്ഷ നടപടികൾ ഉണ്ടാകുക. വിമത വൈദികർക്ക് മറ്റു രൂപതകളിലേക്ക് സ്ഥലം മാറ്റവും പരിഗണിക്കുന്നുണ്ട്. വിമതർ നിലപാട് മാറ്റിയില്ലെങ്കിൽ നേരിടാൻ തന്നെയാണ് അതിരൂപത നേത്യത്വം തീരുമാനിച്ചിരിക്കുന്നത്. ആഗസ്തില്‍ നടക്കുന്ന സമ്പൂർണ സിനഡിനു മുന്നേ തന്നെ നടപടികൾ എടുക്കാമെന്ന് സ്ഥിരം സിനഡും വിലയിരുത്തി. അച്ചടക്ക നടപടികളെടുത്താൽ വൈദിക സമിതി എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.