LiveTV

Live

Kerala

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കൂടി

ഡീസലിന് 2 രൂപ 48 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 2 രൂപ 50 പൈസ കൂടി

 ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കൂടി

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കൂടി. സംസ്ഥാനത്ത് രണ്ടര രൂപയിലധികമാണ് വിലകൂടിയത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കുമെന്ന് ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതാണ് വില വര്‍ധനക്ക് കാരണം.

കോഴിക്കോട് പെട്രോള്‍ വില 2 രൂപ 51 പൈസ വര്‍ധിച്ച് 75.15 ആയി. ഡീസലിന് 2 രൂപ 48 പൈസയും കൂടി 70.66 ആയി. കൊച്ചിയിൽ പെട്രോള്‍-74.88, ഡീസല്‍-70.35-മായി തിരുവനന്തപുരത്ത് പെട്രോളിന് 2 രൂപ 50 പൈസ കൂടി. 76.25 പൈസയായപ്പോൾ ഡീസലിന് 2.48 പൈസ കൂടി 71.67 പൈസയുമായി. ഇതോടെ പ്രതിഷേധവും കനത്തു. പെട്രോൾ ഡീസൽ വർധനയോടെ ഇനി യാത്രാക്കൂലിയും സാധനങ്ങളുടെ വില വർധനവും ഉണ്ടാകുമെന്നാണ് ജനത്തിന്റെ ആശങ്ക.

ലിറ്ററിന് അധിക എക്സൈസ് തീരുവയായും റോഡ് സെസായും ഓരോ രൂപ വീതമാണ് വർധിപ്പിച്ചത്. ഇതിന് പുറമേയാണ് അസംസ്കൃത എണ്ണക്ക് ടണ്ണിന് ഒരു രൂപാ നിരക്കിൽ എക്സൈസ് തീരുവ രാജ്യത്ത് ആദ്യമായി ചുമത്തിയത്. ഇവക്കെല്ലാം ആനുപാതികമായി സംസ്ഥാന വിൽപന നികുതിയും കൂടും. ഇതിനുപുറമേ സംസ്ഥാന സർക്കാർ ചുമത്തിയ ഒരു രൂപയുടെ കിഫ്ബി സെസിന്റെ ഭാരവും സംസ്ഥാനത്തുണ്ടാകും.