LiveTV

Live

Kerala

കണ്ണൂരിലും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റിനായി സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നാളെ പുറപ്പെടും.

കണ്ണൂരിലും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റിനായി സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂർ വിമാനത്താവളത്തിൽക്കൂടി ഹജ്ജ് എംബാർക്കേഷൻ പോയിന്റ് അനുവദിക്കുന്നതിന് സംസ്ഥാന സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരിപ്പൂരിൽ സംസ്ഥാന ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നാളെ പുറപ്പെടും.

നാല് വർഷത്തിന് ശേഷമാണ് ഹജ്ജ് എംബാർക്കേഷൻ പോയൻറ് കരിപ്പൂരിൽ പുനഃസ്ഥാപിക്കുന്നത്. സംസ്ഥാനത്തെ 13472 തീർഥാടകരിൽ 11094 പേരും കരിപ്പൂർ വഴിയാണ് യാത്ര തിരിക്കുന്നത്. ബാക്കിയുള്ള 2378 പേർ നെടുമ്പാശേരി വഴിയും യാത്ര തിരിക്കും. കണ്ണൂരിൽ കൂടി എംബാർക്കേഷൻ ‌പോയിന്റിന് സംസ്ഥാന സര്ക്കാര്‍ ശ്രമിക്കുമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

ഹജ്ജ് ഹൗസിനോട്‌ ചേർന്ന് നിർമ്മിക്കുന്ന വനിതാ ബ്ലോക്ക് ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. സ്പീക്കർ പി ശ്രീ രാമകൃഷ്ണൻ ആദ്യ തീർഥാടകനുള്ള രേഖകൾ കൈമാറി. ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി ജലീൽ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി എന്നിവരും ഉൽഘാടന പരിപാടിയിൽ പങ്കെടുത്തു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉൽബോധന പ്രസംഗം നടത്തി.

300 പേരാണ് സൗദി എയർലൈൻസിന്റെ വിമാനത്തിൽ പുറപ്പെടുന്ന ആദ്യ സംഘത്തിലുള്ളത്. ആദ്യ വിമാനം കെ.ടി ജലീൽ ഫ്ളാഗ് ഓഫ് ചെയ്യും. 700 തീർഥാടകർക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യം ഹജ്ജ് ഹൗസിൽ ഒരുക്കിയിട്ടുണ്ട്. ജൂലൈ 13 മാണ് നെടുമ്പാശേരി ക്യാമ്പ് ആരംഭിക്കുന്നത്‌.