LiveTV

Live

Kerala

പട്ടയം ലഭിച്ചിട്ടും ഭൂമി നിര്‍ണ്ണയിച്ച് കിട്ടിയില്ല; സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ആദിവാസി വയോധികന്‍

മാടക്കര ഒളിപ്പുര കോളനിയിലെ ഒണ്ടനാണ് രേഖയില്‍ ഭൂമിയുണ്ടങ്കിലും ഫലത്തില്‍ ഭൂരഹിതനായി കഴിയുന്നത്

പട്ടയം ലഭിച്ചിട്ടും ഭൂമി നിര്‍ണ്ണയിച്ച് കിട്ടിയില്ല;  സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ആദിവാസി വയോധികന്‍

9 വര്‍ഷം മുന്‍പ് പട്ടയം ലഭിച്ചിട്ടും ഭൂമി നിര്‍ണ്ണയിച്ച് കിട്ടാത്തതിനാല്‍ കിടപ്പാടത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് വയനാട്ടിലെ ഒരു ആദിവാസി വയോധികന്‍. മാടക്കര ഒളിപ്പുര കോളനിയിലെ ഒണ്ടനാണ് രേഖയില്‍ ഭൂമിയുണ്ടങ്കിലും ഫലത്തില്‍ ഭൂരഹിതനായി കഴിയുന്നത്.

വയനാട് ജില്ലയിലെ നെന്മേനി വില്ലേജില്‍ മാടക്കര ഒളിപ്പുര കോളനിയിലെ ഒണ്ടന്റെ ഭാര്യയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്താണ് ഒരേക്കര്‍ ഭൂമിയുടെ പട്ടയം നല്‍കിയത്. കോട്ടപ്പടി വില്ലേജിലാണ് ഈ ഭൂമി പാസായി കിട്ടിയത് എന്നാല്‍ വില്ലേജ് ഓഫീസര്‍ വൈത്തിരി താലൂക്കിലേക്കും അവിടെ നിന്ന് കലക്ട്രേറ്റിലേക്കും ഭൂമി അന്വേഷിക്കാനായി ഒണ്ടനെ മാറി മാറി പറഞ്ഞയക്കുകയായിരുന്നു .കഴിഞ്ഞ 10 വര്‍ഷത്തോളമായി പട്ടയവുമായി ഭൂമി തേടി പല ഓഫീസുകളും കയറി ഇറങ്ങുകയാണ് ഈ വയോധികന്‍.

നേരത്തെ 2 ഏക്കര്‍ 60 സെന്റ് ഭൂമി ഉണ്ടായിരുന്ന ഈ ആദിവാസി കുടുംബത്തില്‍ നിന്ന് മേല്‍ജാതിക്കാര്‍ ഭൂമി തട്ടിയെടുത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് കിടപ്പാടം പോലും നഷ്ടമായത്. പിന്നീടാണ് ഒരേക്കര്‍ ഭൂമിയുടെ പട്ടയം ലഭിച്ചത്. നാല് വര്‍ഷം മുന്‍പ് ഒണ്ടന്റെ ഭാര്യ മരിച്ചു. വയനാട് ജില്ലയില്‍ മാത്രം ഭൂരഹിതരായ ആദിവാസികളടക്കം 8000ത്തോളം കുടുംബങ്ങളുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. ഇതിനു പുറമെയാണ് രേഖയില്‍ ഭൂമിയുണ്ടായിട്ടും ഭൂരഹിതരായി കഴിയേണ്ടി വരുന്ന ഒണ്ടനെ പോലെയുള്ളവരുടെ ദുരിത ജീവിതങ്ങള്‍.