LiveTV

Live

Kerala

എസ്.ഐക്കെതിരെ റപ്പായിയുടെ സമരം; 100 നാള്‍ പിന്നിട്ടിട്ടും നീതി അന്യം

കാർ ഓടിക്കാനറിയാത്ത റപ്പായി കാറിടിച്ചു കൊല്ലാൻ ശ്രമിച്ചെന്ന പരാതി വ്യാജമാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും തൃശൂർ സിറ്റി ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റൻറ് കമ്മിഷണറും കണ്ടെത്തിയിരുന്നു.

എസ്.ഐക്കെതിരെ റപ്പായിയുടെ സമരം; 100 നാള്‍ പിന്നിട്ടിട്ടും നീതി അന്യം

തൃശൂര്‍ ഒല്ലൂരുകാര്‍ക്ക് റപ്പായിയെ പരിചയമുണ്ടാകും. കഴിഞ്ഞ നൂറു ദിവസങ്ങളായി റപ്പായി ഒല്ലൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപവാസ സമരത്തിലാണ്. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കാതെ 5000 രൂപ പിഴ അടക്കേണ്ടി വന്നതിന് എസ്.ഐ, റപ്പായിയോട് പകരംവിട്ടീയത് കള്ളക്കേസില്‍ കുടുക്കിയായിരുന്നു. ഈ കേസില്‍ 15 ദിവസമാണ് റപ്പായിക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്. നിരപരാധിയാണെന്ന് തെളിയിച്ച ശേഷമാണ് റപ്പായി തനിക്കെതിരെ കള്ളക്കേസെടുത്ത എസ്.ഐക്കെതിരെ സമരം ആരംഭിച്ചത്. റപ്പായിയെ മനപൂര്‍വം കുടുക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷനും മറ്റു ഏജന്‍സികളും കണ്ടെത്തിയിട്ട് ഒരു വര്‍ഷമായെങ്കിലും എസ്.ഐക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ വകുപ്പ് തലത്തില്‍ ആരും തയ്യാറായിട്ടില്ല.

ഒല്ലൂർ സ്വദേശി കോനിക്കര വീട്ടിൽ റപ്പായി ആണ് പൊലീസിന്റ ക്രൂരതയ്ക്ക് ഇരയായത്. ഒല്ലൂർ ഫൊറോന ഇടവക പള്ളി സംബന്ധിച്ച് തർക്കവുമായി ബന്ധപ്പെട്ട് രണ്ടരവർഷം മുൻപാണ് റപ്പായി ഒല്ലൂർ പൊലീസിൽ വിവരാവകാശ നിയമപ്രകാരം മറുപടിക്ക് അപേക്ഷിച്ചത്. എസ്.ഐ മറുപടി നൽകാതിരുന്നപ്പോൾ റപ്പായി സംസ്ഥാന വിവരവകാശ കമ്മീഷണർക്ക് പരാതി നൽകി. ഇതോടെ ഒല്ലൂർ എസ്.ഐ പ്രശാന്ത് ക്ലിന്റ് 5000 രൂപ പിഴ അടയ്ക്കേണ്ടി വന്നു. രണ്ടു മാസത്തിനകമാണ് പ്രതികാര നടപടിയുണ്ടായത്. പള്ളിത്തർക്കത്തിൽ എതിരെയുള്ളവരെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചെന്ന വ്യാജ പരാതിയിലാണ് റപ്പായിയെ അറസ്റ്റു ചെയ്തത്. 15 ദിവസത്തെ തടവിന് ശേഷം പുറത്തിറങ്ങിയാണ് റപ്പായി നിരപരാധിയെന്നു തെളിയിച്ചത്. കാർ ഓടിക്കാനറിയാത്ത റപ്പായി കാറിടിച്ചു കൊല്ലാൻ ശ്രമിച്ചെന്ന പരാതി വ്യാജമാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും തൃശൂർ സിറ്റി ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റൻറ് കമ്മിഷണറും കണ്ടെത്തിയിരുന്നു. എസ്.ഐക്കെതിരെ നടപടി വേണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്നുവരെയും യാതൊരു നടപടിയുമുണ്ടായിട്ടില്ല.