LiveTV

Live

Kerala

ജലീലിനെതിരായ ബന്ധുനിയമന ആരോപണം രാഷ്​ട്രീയ പ്രേരിതമല്ലേ?​ ഹൈക്കോടതി

ജലീലിനെതിരായ ബന്ധുനിയമന ആരോപണം രാഷ്​ട്രീയ പ്രേരിതമല്ലേ?​ ഹൈക്കോടതി

ബന്ധുനിയമനം സംബന്ധിച്ച് മന്ത്രി കെ.ടി ജലീലനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് നൽകിയ പരാതിയില്‍ കേസെടുക്കേണ്ടതില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. ഫിറോസിന്‍റെ പരാതി രാഷ്ട്രീയ ആരോപണമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും.

മന്ത്രി ജലീലിന്‍റെ ബന്ധുവായ കെ.ടി അദീബിനെ കേരള സ്റ്റേറ്റ് ന്യൂനപക്ഷ വികസന ഫിനാൻസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിനെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഫിറോസ് ഹൈക്കോടതിയെ സമീപിച്ചത്. അദീബിന്റെ നിയമനത്തിൽ അപാകതയില്ലെന്നും മന്ത്രിയോ മറ്റാരെങ്കിലുമോ അനർഹമായ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ശമ്പളാനുകൂല്യങ്ങൾ മാത്രമാണ് അദീബ് കൈപ്പറ്റിയത്. പിന്നീട് തിരിച്ചടക്കുകയും ചെയ്തു. നിയമനത്തെയോ യോഗ്യതയിൽ ഭേദഗതി വരുത്തിയതിനെയോ ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ലന്നുമായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്.

തുടര്‍ന്ന് ഇന്ന് ഹരജി പരിഗണനയ്ക്കെത്തിയപ്പോഴാണ് ഫിറോസിന്‍റെ പരാതിയില്‍ കേസെടുക്കേണ്ടതില്ലെന്നും കഴമ്പിലാത്തതാണെന്നും വിജിലന്‍സും കോടതിയെ അറിയിച്ചത്. ഫിറോസിന്റെ പരാതി രാഷ്ട്രീയ ആരോപണല്ലേയെന്ന് കോടതി ചോദിച്ചു. വിജിലന്‍സിന് പരാതി നല്‍കിയിട്ട് നേരെ ഹൈക്കോടതിയെയാണോ സമീപിക്കേണ്ടതെന്നും കോടതി ആരാഞ്ഞു. ഹരജി ഈ മാസം 18ന് പരിഗണിക്കാനായി മാറ്റി.