LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിരമിച്ച ഹൈക്കോടതി ജഡ്ജി കെ നാരായണക്കുറുപ്പാണ് അന്വേഷണ കമ്മീഷന്‍ 

 നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ജസ്റ്റിസ് നാരായണക്കുറുപ്പിനെ കമ്മീഷനായി നിയോഗിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. ആറ് മാസമാണ് കമ്മീഷന്‍റെ കാലാവധി. ഇതിനിടെ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി.

പൊലീസ് കസ്റ്റഡിയിലെടുത്ത രാജ് കുമാർ ജൂണ്‍ 21നാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലിരിക്കെയുണ്ടായ ക്രൂരമായ മർദനത്തെ തുടര്‍ന്നാണ് രാജ് കുമാര്‍ മരണപ്പെട്ടതെന്ന് പോസറ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ അടക്കം പറഞ്ഞിരുന്നു. ഇടുക്കി എസ്.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരായ കേസില്‍ പൊലീസ് അന്വേഷണം കൊണ്ട് സത്യം പുറത്ത് വരില്ലെന്നുള്ള പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം കൂടി പരിഗണിച്ചാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സി.ബി.ഐ അന്വേഷണം വേണമെന്ന രാജ് കുമാറിന്‍റെ കുടുംബത്തിന്‍റെ ആവശ്യം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. നിയമസഭയോട് ബഹുമാനമില്ലാത്തത് കൊണ്ടാണ് സഭ അവസാനിച്ചപ്പോള്‍ മുഖ്യമന്ത്രി ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ ഭീകരവിരുദ്ധ സ്ക്വാഡ് എസ്.പി ആയി സ്ഥലം മാറ്റി വൈകുന്നേരത്തോടെ സര്‍ക്കാര്‍ ഉത്തരവിറക്കി.