LiveTV

Live

Kerala

ചീങ്കണ്ണിപ്പാലി തടയണ; സത്യവാങ്മൂലം സമർപ്പിക്കാതിരുന്നത് സാങ്കേതിക തടസം കൊണ്ട് മാത്രമെന്ന് കലക്ടര്‍

തടയണ പൊളിക്കുന്നത് ഈ മാസം എട്ടിനകം പൂർത്തിയാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും കലക്ടര്‍ ജാഫര്‍ മാലിക്ക് വ്യക്തമാക്കി

ചീങ്കണ്ണിപ്പാലി തടയണ; സത്യവാങ്മൂലം  സമർപ്പിക്കാതിരുന്നത് സാങ്കേതിക തടസം കൊണ്ട് മാത്രമെന്ന് കലക്ടര്‍

പി.വി അൻവര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കുന്നത് സംബന്ധിച്ച് സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കാതിരുന്നത് സാങ്കേതിക തടസം കൊണ്ട് മാത്രമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍. തടയണ പൊളിക്കുന്നത് ഈ മാസം എട്ടിനകം പൂർത്തിയാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും കലക്ടര്‍ ജാഫര്‍ മാലിക്ക് വ്യക്തമാക്കി.

കഴിഞ്ഞ മാസം 21നാണ് പി.വി.അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്‌ഥതയിലുള്ള അനധികൃത തടയണ പൊളിക്കാൻ ആരംഭിച്ചത്. പതിനഞ്ച് ദിവസത്തിനകം പൊളിക്കൽ പൂർത്തിയാക്കി ഈ മാസം രണ്ടിന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പൊളിക്കൽ പ്രക്രിയ പൂർത്തിയാകാത്ത സാഹചര്യത്തിൽ ഏഴ് മുതൽ പത്ത് ദിവസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ നൽകാൻ സത്യവാങ്മൂലം തയ്യാറാക്കിയിരുന്നു. പക്ഷേ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചിരുന്നില്ല. സാങ്കേതിക കാരണങ്ങൾ കൊണ്ട് മാത്രമാണ് ഇത് സംഭവിച്ചതെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

ജൂലൈ എട്ടിനകം കോടതി നിർദ്ദേശിച്ച പ്രകാരമുള്ള തടയണയുടെ പൊളിക്കൽ പ്രക്രിയ പൂർത്തിയാക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. തടയണ പൊളിക്കുന്നതിന്റെ വിശദമായ റിപ്പോർട്ട് അഞ്ച് ദിവസത്തിനകം സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വനത്തിനോട് ചേർന്നുള്ള ഭൂമിയിൽ തടയണ പൊളിക്കുന്നതിന് മഴയും കാട്ടാന ശല്യവും ഭൂഘടനയും പ്രവർത്തികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരുന്നത്.

Also read: ചീങ്കണ്ണിപ്പാലി തടയണ പൊളിച്ച് നീക്കുന്നത് സംബന്ധിച്ച കേസ് ഇന്ന് പരിഗണിക്കും