LiveTV

Live

Kerala

തിരുവനന്തപുരത്ത് നിന്ന് കാണാതായ ജര്‍മന്‍ യുവതിക്കായി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചേക്കും

കേസിന്റെ പശ്ചാത്തലം പൂർണമായി പരിശോധിച്ച ശേഷമാകും യെല്ലോ നോട്ടീസ് പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുക

തിരുവനന്തപുരത്ത് നിന്ന് കാണാതായ ജര്‍മന്‍ യുവതിക്കായി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചേക്കും

തിരുവനന്തപുരത്ത് നിന്ന് കാണാതായ ജര്‍മന്‍ യുവതി ലിസയ്ക്കായി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഇതിനായി സി.ബി.ഐ മുഖാന്തരം പ്രത്യേക അന്വേഷണ സംഘം ഇന്റർ പോളിന് അപേക്ഷ സമർപ്പിച്ചു. അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുകയാണെന്ന് ഡി.ജി.പി പ്രതികരിച്ചു.

ലിസ വെയ്സിനെ കണ്ടെത്താനായി സംസ്ഥാനത്തിനകത്തും പുറത്തും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചെങ്കിലും ഫലം കാണാത്തതു കൊണ്ടാണ് പ്രത്യേക സംഘം കൂടുതൽ നടപടികൾ ആരംഭിച്ചത്. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായാൽ കൈമാറുന്നതിനുള്ള ഇന്റർപോളിന്റെ യെല്ലോ നോട്ടീസ് പുറപ്പെടുവിക്കാനാണ് പുതിയ നീക്കം. ഇതു സംബന്ധിച്ച അപേക്ഷ പ്രത്യേക സംഘം സി.ബി.ഐ മുഖേനെ ഇന്റർപോളിനു കൈമാറി.

കേസിന്റെ പശ്ചാത്തലം പൂർണമായി പരിശോധിച്ച ശേഷമാകും യെല്ലോ നോട്ടീസ് പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുക. യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചാൽ ലിസ മറ്റു രാജ്യങ്ങളിൽ എവിടെയെങ്കിലും പോയിട്ടുണ്ടെങ്കിൽ അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘത്തിന്റെ ഈ നീക്കം. ലിസ കേരളത്തില്‍ എന്തിനു വന്നു എന്നത് സംബന്ധിച്ച് ഇവരുടെ മുന്‍ ഭര്‍ത്താവുമായി പൊലീസ് ആശയവിനിമയം നടത്തിയതായി ഡി.ജി.പി പറഞ്ഞു. എവിടെ വച്ചാണ് ഇവരെ കാണാതായതെന്ന് സംബന്ധിച്ചാണ് പ്രധാന അന്വേണമെന്നും ഡിജിപി പ്രതികരിച്ചു.

അതേ സമയം ടൂറിസ്റ്റ് കേന്ദ്രങ്ങളും മത സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ലിസയ്ക്കൊപ്പമെത്തിയ മുഹമ്മദലിയെ കണ്ടെത്താന്‍ നേരത്തെ അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായവും തേടിയിരുന്നു. ലിസയുടെ അമ്മയുടെ മൊഴി എടുക്കാനായി ജര്‍മ്മന്‍ കോണ്‍സുലേറ്റിനെയും ബന്ധപ്പെട്ടിട്ടുണ്ട്.