LiveTV

Live

Kerala

സിറോ മലബാര്‍ സഭയിലെ പ്രതിസന്ധി; നിര്‍ണായക സിനഡ് യോഗം ഇന്ന്  

സഭാ ആസ്ഥാനമായ കൊച്ചി മൌണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡില്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് ഒഴികെയുള്ള മുഴുവന്‍ അംഗങ്ങളും പങ്കെടുക്കും

സിറോ മലബാര്‍ സഭയിലെ പ്രതിസന്ധി; നിര്‍ണായക സിനഡ് യോഗം ഇന്ന്  

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിറോ മലബാര്‍ സഭയുടെ നിര്‍ണായക സിനഡ് യോഗം ഇന്ന്. സഭാ ആസ്ഥാനമായ കൊച്ചി മൌണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡില്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് ഒഴികെയുള്ള മുഴുവന്‍ അംഗങ്ങളും പങ്കെടുക്കും. അതിനിടെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയോട് നേരിട്ട് ഹാജരാവാന്‍ കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.

കര്‍ദിനാള്‍ ആലഞ്ചേരി അധികാര സ്ഥാനങ്ങളിലേക്ക് തിരികെ എത്തിയതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിയ സാഹചര്യത്തിലാണ് അടിയന്തര സിനഡ് ചേരാന്‍ സഭ തീരുമാനിച്ചത്. കര്‍ദിനാളിന്റെ നേതൃത്വം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് വിമത വൈദികര്‍ രംഗത്ത് വരികയും ഇതിനെ ചൊല്ലി സഭയില്‍ ഭിന്നത രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് നിര്‍ണ്ണായക സിനഡ് ചേരുന്നത്.

തങ്ങളുന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാവാത്ത പക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്ന് വിമത വിഭാഗം വൈദികര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വത്തിക്കാന്‍ തീരുമാനത്തെയും സഭാ നേതൃത്വത്തെയും അംഗീകരിക്കാത്ത വൈദികര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കര്‍ദിനാള്‍ പക്ഷം രംഗത്ത് വന്നിരുന്നു. ഇത് വിശ്വാസികള്‍ക്കിടയിലും ആശങ്ക ഉയര്‍ത്തിയ സാഹചര്യത്തിലാണ് നിര്‍ണായക സിനഡ് ചേര്‍ന്ന് പരിഹാരം തേടാന്‍ സഭാ നേതൃത്വത്തെ പ്രേരിപ്പിച്ചത്.

ആഗസ്തില്‍ നടക്കാനിരിക്കുന്ന സിനഡ് യോഗത്തിനു മുമ്പ് സഭയില്‍ ഉരുത്തിരിഞ്ഞ പ്രതിസന്ധിക്ക് താല്‍ക്കാലികമായെങ്കിലും പരിഹാരം കണ്ടെത്തുകയും കൂടുതല്‍ പൊട്ടിത്തെറികളൊഴിവാക്കുകയുമായിരിക്കും നാളെ നടക്കുന്ന അടിയന്തര സിനഡിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.