LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള ഉത്തരവ്; ഐ.ഐ.ടി സംഘം പരിശോധന നടത്തി

മരടിലെ ഹോളി ഫെയ്ത്ത് ഫ്ലാറ്റിലാണ് ഇന്നലെ സംഘം പരിശോധന നടത്തിയത് 

 മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള ഉത്തരവ്; ഐ.ഐ.ടി സംഘം പരിശോധന നടത്തി

സുപ്രിം കോടതി പൊളിച്ച് നീക്കാന്‍ ഉത്തരവിട്ട മരട് നഗരസഭയിലെ ഫ്ലാറ്റില്‍ ചെന്നൈ ഐ.ഐ.ടി സംഘം പരിശോധന നടത്തി. മരടിലെ ഹോളി ഫെയ്ത്ത് ഫ്ലാറ്റിലാണ് ഇന്നലെ സംഘം പരിശോധന നടത്തിയത്. തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഗരസഭയിലെ അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്.

പരിസ്ഥിതി ആഘാത പഠനത്തിന് സര്‍ക്കാന്‍ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചെന്നൈ ഐ.ഐ.ടിയില്‍ നിന്നുള്ള വിദഗ്ദ സംഘം ഫ്ലാറ്റില്‍ പരിശോധന നടത്തിയത്. രാവിലെ കൊച്ചിയിലെത്തിയ സംഘം മരട് നഗരസഭയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്നാണ് പൊളിക്കാന്‍ ഉത്തരവായ അഞ്ച് ഫ്ലാറ്റുകളിലൊന്നായ ഹോളി ഫെയ്ത്തില്‍ പരിശോധന നടത്തിയത്. പരിശോധനക്കെത്തിയ സംഘം താമസക്കാരോട് ഫ്ലാറ്റിലെ ജല ശുദ്ധീകരണ സംവിധാനത്തെക്കുറിച്ചും മറ്റും ചോദിച്ചറിഞ്ഞു. തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റുകള്‍ ഒരു മാസത്തിനകം പൊളിച്ച് നീക്കണമെന്നായിരുന്നു സുപ്രിം കോടതി ഉത്തരവ്. ഫ്ലാറ്റുടമകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ആറാഴ്ചത്തേക്ക് കൂടി തല്‍സ്ഥിതി തുടരാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.