LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: അറസ്റ്റിലായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

നെടുങ്കണ്ടം എസ്.ഐ സാബു, സി.പി.ഒ സജീവ് എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്...

നെടുങ്കണ്ടം കസ്റ്റഡി മരണം: അറസ്റ്റിലായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. എസ്.ഐ സാബു, സി.പി.ഒ സജീവ് എന്നിവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇന്ന് രാവിലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

സാക്ഷിമൊഴികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ സാബുവിനെയും സി.പി.ഒ സജീവിനെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു. ചിട്ടി തട്ടിപ്പിലെ പണം കണ്ടെത്താന്‍ വേണ്ടിയാണ് പൊലീസ് രാജ് കുമാറിനെ മര്‍ദിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.

കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന സൂചനയും അന്വേഷണ സംഘം പങ്കുവെക്കുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എസ്.ഐ സാബുവിനെ മെഡിക്കോളേജില്‍ പ്രവേശിപ്പിച്ചു. രാജ് കുമാറിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ നാട്ടുകാര്‍ മര്‍ദിച്ചിരുന്നു എന്ന പ്രതികളുടെ വാദം തെറ്റാണെന്ന് കണ്ടെത്തി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഉടന്‍ ഡി.ജി.പിക്ക് കൈമാറും. പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.