LiveTV

Live

Kerala

കൊടി സുനി കൌണ്‍സിലറെ ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതി; അന്വേഷണം കോട്ടയം സ്വദേശിയിലേക്ക്

കൊടി സുനി ഉപയോഗിച്ചത് കോട്ടയം സ്വദേശി അനൂപിന്റെ പേരിലുള്ള നമ്പരാണെന്ന് പൊലീസ് കണ്ടെത്തി.

കൊടി സുനി കൌണ്‍സിലറെ ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതി; അന്വേഷണം കോട്ടയം സ്വദേശിയിലേക്ക്

കൊടുവള്ളി നഗരസഭാ കൌണ്‍സിലറെ കൊടി സുനി ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കൊടി സുനി ഉപയോഗിച്ചത് കോട്ടയം സ്വദേശി അനൂപിന്റെ പേരിലുള്ള നമ്പരാണെന്ന് പൊലീസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് അനൂപിനെ തേടി പൊലീസ് കോട്ടയത്തേക്ക് തിരിച്ചു.

കൊടുവള്ളി നഗരസഭാ കൌണ്‍സിലര്‍ കോഴിശേരി മജീദിനെ രേഖകളില്ലാത്ത സ്വര്‍ണം ഖത്തറില്‍ വാങ്ങണമെന്ന് ആവശ്യപ്പെട്ട് ജയിലില്‍ നിന്നും വിളിച്ച് കൊടി സുനി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. കോഴിശേരി മജീദിന്റെ ഭാര്യ ഷെബിനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍‌ കൊടുവള്ളി പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. ഈ പരാതിയില്‍ പറയുന്ന നമ്പര്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

കോട്ടയം സ്വദേശി അനൂപിന്റെ പേരിലുള്ളതാണ് മൊബൈല്‍ ഫോണ്‍ നമ്പരെന്ന് ‌ വ്യക്തമായതോടെ അന്വേഷണ സംഘം ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. എ.എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്. ഈ നമ്പര്‍ ജയില്‍ പരിസരത്ത് ഉണ്ടായിരുന്നോ എന്ന് ഉറപ്പാക്കാനായി കോള്‍ വിശദാംശങ്ങളടങ്ങുന്ന രേഖ ശേഖരിക്കും. ഒപ്പം കൊടി സുനിയും അനൂപും തമ്മിലുള്ള ബന്ധവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. ഖത്തറില്‍ നിന്ന് മടങ്ങിയെത്താതിനാല്‍ കോഴിശേരി മജീദിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.